കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യക്ക്​ ശ്രമിച്ചു: അമ്മയും രണ്ട് കുട്ടികളും മരിച്ചു; ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

കുണ്ടറ: കേരളപുരത്ത് അഞ്ചംഗകുടുംബം ആത്മഹത്യക്കുശ്രമിച്ചു. അമ്മയും മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.

ആറുവയസുകാരിയായ മൂത്തമകള്‍ രക്ഷപ്പെട്ടു. മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ എഡ്വേര്‍ഡും (40) കുടുംബവുമാണ് ആത്മഹത്യക്ക്​ ശ്രമിച്ചത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (രണ്ട്​), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്​ച വൈകിട്ട് 5.30 ഓടെ ഇവരുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം ഒരു വര്‍ഷമായി വാടകക്ക്​ താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കടയില്‍ രാജാ മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. മരിച്ച ആരവിന് ജന്മനാ കുടലില്‍ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം വര്‍ഷയും കുട്ടികളും മണ്‍റോതുരുത്തിലെ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസമാണ് എഡ്വേര്‍ഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേര്‍ഡ് വര്‍ഷയെ നിര്‍ബ്ബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വര്‍ഷ എത്തിയതുമുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ പറഞ്ഞു. വൈകിട്ട്  വീട്ടിനുമുന്നിലെത്തിയ ബന്ധു ഇവരെ വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. അലൈന്‍, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വര്‍ഷയെയും എഡ്വേര്‍ഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വര്‍ഷ മരിക്കുകയായിരുന്നു. എഡ്വേര്‍ഡ് അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവര്‍ക്ക് ഉള്ളതായി അറിയില്ലെന്ന്​ അയല്‍വാസികള്‍ പറഞ്ഞു. കുണ്ടറ പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - mother and two children have died after attempting suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.