ചെറുവത്തൂർ: കേട്ടപ്പോൾ ആർക്കും വിശ്വസിക്കാനായില്ല. കേട്ടവാർത്ത സത്യമാകല്ലേ എന്നായിരുന്നു ഏവരുടേയും പ്രാർഥന. എന്നാൽ, കൺമുന്നിൽ അമ്മയുടെയും രണ്ട് പൊന്നോമനകളുടെയും ചേതനയറ്റ ശരീരം കണ്ടപ്പോൾ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പിന്നെ കണ്ടവർ കണ്ടവർ പൊട്ടിക്കരഞ്ഞാണ് മടങ്ങിയത്. ഏവരുടേയും പ്രിയപ്പെട്ട പൊന്നോമനകളായിരുന്നു അമ്മയാൽ കൊല്ലപ്പെട്ട ഗൗതമും തേജസ്സും. വീട്ടിലെന്നപോലെ നാട്ടുകാർക്കും വിദ്യാലയത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവർ.
മരിക്കാനുള്ള ഒരു കാരണവും ഇവിടെയില്ലെന്നാണ് എല്ലാവരുടേയും സ്വരം. സാമ്പത്തികമായി പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം. രണ്ടു മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നശേഷം മാതാവ് കെ. സജിന തൂങ്ങി മരിക്കുകയായിരുന്നു. പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് വയക്കര പഞ്ചായത്തിലെ യു.ഡി ക്ലർക്കായാണ് സജിന ജോലിചെയ്യുന്നത്. ജോലിസ്ഥലത്തും വീട്ടിലും നല്ല പെരുമാറ്റമായിരുന്നത്രെ. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
മക്കൾ ചീമേനി വിവേകാനന്ദ ഇംഗ്ലീഷ് സ്കൂളിലെ മൂന്ന്, എൽ.കെ.ജി ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു. രാവിലെ ഭർത്താവും ചോയ്യങ്കോട് കെ.എസ്.ഇ.ബി ഓഫിസിലെ സബ് എൻജിനീയറുമായ ടി.എസ്. രഞ്ജിത്തിനെ ജോലിസ്ഥലത്തേക്ക് യാത്രയാക്കിയശേഷം സജിനയും മക്കളും വീടിന് മുകളിലെ റൂമിലേക്ക് പോവുകയായിരുന്നു. സുഖമില്ലാത്തതിനെ തുടർന്ന് ലീവാണെന്നാണ് സജിന വീട്ടുകാരോട് പറഞ്ഞത്. രഞ്ജിത്തിന്റെ മാതാവ് രണ്ട് ദിവസം മുമ്പ് സ്വന്തം വീട്ടിൽ പോയിരുന്നു. പിതാവ് പറമ്പിൽ രാവിലെ മുതൽ അധ്വാനത്തിലാണ്.
നോമ്പുകാലമായതിനാൽ സമീപവാസികളൊന്നും പതിവുപോലെ വീട്ടിൽ വരാറുമില്ല. രാവിലെ തന്നെ വീട്ടിന് മുകളിലെ നിലയിൽ കയറിയ സജിന മക്കളെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ടെറസിലെ ഇരുമ്പുകമ്പി മേൽ തൂങ്ങുകയായിരുന്നു. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു. മരണം ഉറപ്പാക്കിയശേഷം മക്കളെ കിടക്കമേൽ കിടത്തിയശേഷം പുതപ്പിച്ചിരുന്നു. ഉച്ചയായിട്ടും മക്കളുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് രഞ്ജിത്തിന്റെ പിതാവ് മുകളിലെ റൂമിലെത്തിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്. ഉടനെ അലറിക്കരഞ്ഞപ്പോൾ നാട്ടുകാർ ഓടിയെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വൻ ജനാവലിയാണ് ചെമ്പ്രകാനത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.