ആലുവ: കരഞ്ഞുതളർന്ന് വീണൊരമ്മ, മനസ്സ് മരവിച്ച് നിശ്ചലനായി പിതാവ്, എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിസ്സഹായരായ മൂന്ന് കുരുന്നുകൾ. പൊന്നുമോളുടെ വിയോഗവാർത്ത ഒരുകുടുംബത്തെയാകെ തകർത്തുകളഞ്ഞിരിക്കുന്നു. മക്കളോടൊപ്പം സന്തോഷത്തോടെയായിരുന്നു ബിഹാർ സ്വദേശികളായ മാതാപിതാക്കൾ ആ കൊച്ചുവീട്ടിൽ കഴിഞ്ഞിരുന്നത്. അവളുടെ വേർപാട് ഉൾക്കൊള്ളാൻ ഇരുവർക്കും ഇനിയും കഴിഞ്ഞിട്ടില്ല. മരണവിവരം അറിഞ്ഞതുമുതൽ മാതാവിനെ ആശ്വസിപ്പിക്കാൻ പിതാവ് ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹവും നിസ്സഹായനായി മാറുകയാണ്. തളർന്നുവീണ മാതാവിനെ ശനിയാഴ്ച ആശുപത്രിയിലാക്കിയിരുന്നു. ഇവിടെ നിന്നാണ് ഞായറാഴ്ച രാവിലെ, മൃതദേഹം പൊതുദർശനത്തിനുവെച്ച തായിക്കാട്ടുകര എൽ.പി സ്കൂളിലേക്ക് കൊണ്ടുവന്നത്. മൃതദേഹം എത്തുന്നതിന് മുമ്പുതന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഇവിടെ എത്തിച്ചിരുന്നു.
ബിഹാറിലെ പ്രാദേശിക ഭാഷയിൽ എണ്ണിപ്പെറുക്കിയുള്ള മാതാവിന്റെ കരച്ചിൽ സ്കൂളിലെത്തിയവരെയും കരയിപ്പിച്ചു. എന്നാൽ, ഒന്ന് പൊട്ടിക്കരയാൻപോലും കഴിയാതെ നിൽക്കുകയായിരുന്നു പിതാവ്. കുട്ടിയുടെ സഹോദരങ്ങളെ അയൽവാസികളായ സ്ത്രീകളാണ് നോക്കിയിരുന്നത്. പൊതുദർശനത്തിനുശേഷം കുട്ടികളെ ശ്മശാനത്തിലേക്ക് എത്തിച്ചതും അവരാണ്. മൃതദേഹം സ്കൂളിൽനിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയതോടെ പിന്നാലെ മാതാവിനെ വീണ്ടും ആശുപത്രിയിലാക്കി. പിന്നീട് ഉച്ചയോടെയാണ് വീട്ടിലേക്കെത്തിയത്. നാല് വർഷമായി ബിഹാറിൽനിന്നുള്ള കുടുംബം ഇവിടെ താമസിക്കുന്നു. കുട്ടിയെ കാണാതായതുമുതൽ പരിസരങ്ങളിൽ അന്വേഷിച്ച മാതാവ് സമീപവാസികളുടെ സഹായത്തോടെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
ഈ സമയം പാലക്കാട് പണിയിലായിരുന്ന പിതാവ് വിവരമറിഞ്ഞ് രാത്രിയാണ് വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.