കൊച്ചി: മക്കളുടെ ചികിത്സക്കായി ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ വിൽപനക്ക് എന്ന പരസ്യബോർഡുമായി വഴിയരികിൽ നിന്ന കുടുംബത്തിലെ ഒരംഗം ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചി സ്വദേശി ശാന്തിയും രോഗികളായ മക്കളുമാണ് 'ഫോർ സെയിൽ; മക്കളുടെ ചികിത്സ സഹായത്തിനും കടബാധ്യതകൾ തീർക്കാനും അമ്മയുടെ ശരീരാവയവങ്ങൾ (ഹൃദയം ഉൾെപ്പടെ) വിൽപനക്ക്' എന്ന ബോർഡുമായി കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ ഞായറാഴ്ച വൈകീട്ടു മുതൽ തിങ്കളാഴ്ചവരെ സമരം ചെയ്തത്. ഇവരുടെ രണ്ടാമത്തെ മകൻ രഞ്ജിത് (23)ആണ് ചൊവ്വാഴ്ച രാവിലെ ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ രഞ്ജിത്തിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിെൻറ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ചു മക്കളിൽ മൂന്നുപേരുടെ ചികിത്സക്കും ജീവിതച്ചെലവുകൾക്കും നിവൃത്തിയില്ലാതെ വരികയും വാടകവീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തതോടെയാണ് അവയവം വിൽക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ച് മക്കളോടൊപ്പം കുടിൽകെട്ടി ശാന്തി സമരം ചെയ്തത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇവരെ വിളിക്കുകയും ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും വീട്ടുവാടക ലയൺസ് ക്ലബ് ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ സമരത്തിൽനിന്ന് പിൻമാറിയത്.
ശാന്തിയുടെ അഞ്ചു മക്കളിൽ മൂന്നുപേരും പല അസുഖങ്ങൾക്കും ചികിത്സയിലാണ്. മൂത്തമകൻ രാജേഷ് കുമാറിന് (25) കഴിഞ്ഞ വർഷം വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു. രഞ്ജിത്തിന് ജനിച്ചപ്പോഴേ വയറിനകത്ത് മുഴയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് പാർശ്വഫലങ്ങളെ തുടർന്ന് മോശം ആരോഗ്യവസ്ഥയിലാണ്. 21 വയസ്സുള്ള മൂന്നാമത്തെ മകൻ സജിത് പ്ലസ് ടു കഴിഞ്ഞ് തിയറ്ററിൽ ജോലിക്കുപോയി. കോവിഡിൽ തിയറ്റർ അടഞ്ഞതോടെ ആ ജോലിയും ഇല്ലാതായി. നാലാമത്തെ കുട്ടി സജീവ് പ്ലസ് വണ്ണിലെത്തിയതേയുള്ളൂ. ഇളയകുട്ടിയായ ജെസീകക്കും(11) ആറുവർഷം മുമ്പുണ്ടായ ഒരപകടത്തിൽ തലച്ചോറിന് സാരമായ പരിക്കേറ്റു. ശാന്തിക്കും അന്ന് പരിക്കുകളുണ്ടായിരുന്നു.
സജിത്തും സജീവുമൊഴികെ എല്ലാവരും കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം നിലമ്പൂരിൽനിന്നുള്ള കുടുംബം ചികിത്സക്കായി ഇങ്ങോട്ട് മാറുകയായിരുന്നു. ഇതിനിടെ ഭർത്താവ് ഉപേക്ഷിച്ചതോടെ ജീവിതം കൂടുതൽ ദുരിതത്തിലാവുകയായിരുന്നു. 25 ലക്ഷത്തോളം കടമുണ്ടെന്നും ശാന്തി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.