തിരുവനന്തപുരം: മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ മാതാവിനെ 27 ദിവസം ജയിലിലടച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവർക്കെതിരെയാണ് ഡി.ജി.പി അനിൽകാന്തിന്റെ ശിപാർശ പ്രകാരമുള്ള നടപടി.
2020 ഡിസംബറിൽ കടയ്ക്കാവൂർ പൊലീസെടുത്ത കേസ് കുടുംബവഴക്കിന്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് തുടർനടപടികൾ വേണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
മാതാവിനെ അറസ്റ്റ് ചെയ്യും മുമ്പ് അവരും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐ.ജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെ ഹൈകോടതിയാണ് മാതാവിന് ജാമ്യം നൽകിയത്.
മാതാവിന്റെ മൊബൈൽ ഫോൺ കണ്ടെത്തി മഹസർ തയാറാക്കിയപ്പോൾ എസ്.ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായി. സി.ഐ ശിവകുമാറും ഡിവൈ.എസ്.പി സുരേഷും നിയമോപദേശം തേടാതെയും എസ്.ഐക്ക് നിർദേശം നൽകാതെയും ഗുരുതരവീഴ്ച വരുത്തി. എസ്.ഐയും കുട്ടിയുടെ പിതാവും 21 ദിവസത്തിനിടെ 67 തവണ സംസാരിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോൺ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മനഃശാസ്ത്ര വിദഗ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിതാവ് മർദിച്ചാണ് മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയെങ്കിലും പൊലീസ് വക വെച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.