കോഴിക്കോട്: തപാൽ വകുപ്പിന് പണ കുടിശ്ശികമൂലം ആർ.സിയും ലൈസൻസും അയക്കാൻ കഴിയാതെ മോട്ടോർ വാഹന വകുപ്പ്. മൂന്നര മാസത്തോളമായി വിവിധ ആർ.ടി.ഒ ഓഫിസുകളിൽ പണമടച്ച് അപേക്ഷ നൽകിയ ആയിരക്കണക്കിനാളുകൾക്കാണ് ആർ.സിയും ലൈസൻസും ലഭിക്കാനുള്ളത്. വണ്ടിയുടെ ഉടമസ്ഥാവകാശം ഓൺലൈനിൽ മാറ്റാൻ അപേക്ഷ നൽകി ഫീസും തപാൽ ചാർജും അടച്ചാണ് മാസങ്ങളുടെ കാത്തിരിപ്പ്. ആർ.സി ബുക്ക് പ്രിന്റിങ്ങിനും സ്മാർട്ട് കാർഡിനും ഉൾപ്പെടെയാണ് തുക അടച്ചത്.
ഉടമസ്ഥാവകാശം മാറ്റിയവർ പേര് മാറ്റി ആർ.സി പ്രിന്റ് എടുത്തില്ലെങ്കിൽ ഇൻഷുറൻസ് ചേർക്കാനോ ആർ.സി ഒറിജിനൽ ഇല്ലാത്തതുകൊണ്ട് ഉടമകൾക്ക് ഇൻഷുറൻസിൽ പേര് മാറ്റാനോ കഴിയില്ല. ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് പൊലീസും വാഹന വകുപ്പും പിഴ ഈടാക്കുന്നതു വേറെയും.
ഉടമകൾ ബന്ധപ്പെടുന്ന സമയത്ത് വിവിധ ഓഫിസുകളിൽനിന്ന് വിവിധ കാരണങ്ങളാണ് പറയുന്നത്. അധികൃതരുടെ അനാസ്ഥയാണ് ഉടമകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ് അപേക്ഷകർ പറയുന്നത്. പണം വാങ്ങിവെച്ചിട്ടും രേഖകൾ നൽകാതിരിക്കുന്നത് ഗുരുതര കുറ്റമാണെന്നാണ് വിലയിരുത്തൽ.
കേന്ദ്രീകൃത രീതിയിൽ എറണാകുളത്തുനിന്നാണ് ആർ.സി പ്രിന്റിങ് ചെയ്യുന്നത്. വാഹന ഉടമകളിൽനിന്നുള്ള പരാതി ട്രാൻസ്പോർട്ട് കമീഷണറെ അറിയിച്ചിട്ടുണ്ടെന്നാണ് വിവിധ ആർ.ടി.ഒമാർ പറയുന്നത്. സേവനാവകാശ നിയമപ്രകാരം 10 ദിവസത്തിനുള്ളിൽ കിട്ടേണ്ട സേവനമാണ് മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാതിരിക്കുന്നത്.
ഡിജി ലോക്കറിൽ സൂക്ഷിക്കുന്നതിനാൽ രേഖകൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കാണിച്ചു നൽകിയാൽ മതിയെന്നാണ് ഉയർന്ന വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ, സർട്ടിഫിക്കറ്റ് ഫീസിന്റെ കൂടെ 45 രൂപ തപാൽ ചാർജ് വാങ്ങുന്നതെന്തിനാണ് എന്നചോദ്യത്തിന് മറുപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.