കോട്ടക്കൽ: ഗതാഗത നിയമത്തെ ദുരുപയോഗം ചെയ്ത് സ്വകാര്യ ബസുകൾക്ക് വീണ്ടും സൂപ്പർ ക്ലാസ് പെർമിറ്റ് നൽകാനുള്ള നീക്കം സാധാരണക്കാരായ യാത്രക്കാർക്കും വിദ്യാർഥികൾക്കും കൂടുതൽ ദുരിതമാകുമെന്ന് പൊതുഗതാഗത സംരക്ഷണ സമിതി യോഗം മുന്നറിയിപ്പ് നൽകി. 1992 മുതൽ രണ്ടു പതിറ്റാണ്ടോളം കേസ് നടത്തി 2013ൽ സർക്കാറിന് അനുകൂലമായി സമ്പാദിച്ച കോടതിവിധി അട്ടിമറിക്കാനിടയാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. നേരത്തേ സൂപ്പർ ക്ലാസ് സർവിസ് നടത്തിയ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാതെ സർക്കാർ പൊതുജന താൽപര്യാർഥം 2016ൽ ഇത്തരം ബസുകളെ ഓർഡിനറി ലിമിറ്റഡായി സർവിസ് നടത്താൻ അനുവദിക്കുകയായിരുന്നു.
ഓർഡിനറി ബസുകൾക്ക് വീണ്ടും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് പെർമിറ്റ് നൽകിയാൽ സ്റ്റേജ് കൊള്ളയും ചാർജ് കൊള്ളയും നടത്തി സാധാരണക്കാരായ യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യും. മാത്രമല്ല, വിദ്യാർഥികൾക്ക് യാത്ര ഇളവ് നിഷേധിക്കുന്ന സ്ഥിതിയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. കുഞ്ഞാലൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മൊയ്തീൻ കോയ വെളിമുക്ക്, പി.വി.എസ്. പടിക്കൽ, കെ.പി. വാസുദേവൻ, പറമ്പിൽ മുഹമ്മദലി, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.