മലപ്പുറം: കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നീക്കം. സി.ഡി.എസിൽ മൂന്നുവര്‍ഷം തികഞ്ഞ എല്ലാവരെയും സ്ഥലം മാറ്റാനാണ് ഗവേണിങ് ബോഡി തീരുമാനം. അക്കൗണ്ടിങ്ങിലെ ക്രമക്കേട് ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് സ്ഥലംമാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം.
നിര്‍ബന്ധിത സ്ഥലംമാറ്റത്തിൽ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയിൽ എതിര്‍പ്പ് ശക്തമാണ്. ഒരു സി.ഡി.എസിൽ പരമാവധി മൂന്നു വര്‍ഷം തികഞ്ഞവരെ സ്ഥലം മാറ്റണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്. അതേ ബ്ലോക്കിലെത്തന്നെ മറ്റൊരിടത്തേക്കാണ് മാറ്റേണ്ടത്. സാമ്പത്തികമോ ഭരണപരമോ ആയ പരാതികൾ നേരിടുന്ന അക്കൗണ്ടന്റുമാരാണെങ്കിൽ സ്ഥലംമാറ്റത്തിന് ശേഷവും പ്രസ്തുത പരാതികളിലെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല.
ഒരുവര്‍ഷത്തെ കാലയളവ് വെച്ച് കരാര്‍ പുതുക്കുന്നവരാണ് സി.ഡി.എസ് അക്കൗണ്ടന്റുമാര്‍. 13,000 രൂപയാണ് പ്രതിമാസ വേതനം. കരാര്‍ ജീവനക്കാര്‍ക്കിടയിൽ സ്ഥലംമാറ്റം പതിവില്ലെന്നിരിക്കെ ഉത്തരവിനെതിരെ കുടുംബശ്രീയിൽ പ്രതിഷേധം പുകയുന്നുണ്ട്. തുച്ഛമായ ശമ്പളമാണ് അക്കൗണ്ടന്റുമാർക്ക് കിട്ടുന്നത്. സേവന വേതന വ്യവസ്ഥയിൽ കാലാനുസൃത പരിഷ്കരണം വേണമെന്ന കാലങ്ങളായുള്ള ആവശ്യംപോലും പരിഗണിക്കാതെയാണ് നിര്‍ബന്ധിത സ്ഥലംമാറ്റം നടപ്പാക്കുന്നതെന്ന് ഇവർ പറയുന്നു.
മേയ് ഒന്നിന് മുമ്പ് സ്ഥലംമാറ്റം നടപ്പാക്കണമെന്നും 10നകം ചുമതലയേൽക്കണമെന്നുമാണ് ഉത്തരവ്. സ്ഥലംമാറ്റത്തിന് തയാറല്ലാത്തവരെ പിരിച്ചുവിടാനും നിർദേശമുണ്ട്. ഇത്തരം ഒഴിവുകളിൽ പുതിയ നിയമനം ലക്ഷ്യമിട്ടാണ് കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതെന്ന് അക്കൗണ്ടന്റുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.