കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് മാറ്റാന്‍ നീക്കം. സ്വകാര്യ കുത്തക കമ്പനിയെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു. കോഴിക്കോടുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുന്നതിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കാലങ്ങളായി നടക്കുന്ന കപ്പല്‍ യാത്രയും ചരക്കു ഗതാഗതവും പതിയെ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് അതോറിറ്റിയുടെ വിവിധ സ്ഥാപനങ്ങള്‍ മംഗളൂരുവിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കം തുടങ്ങി. ആദ്യഘട്ടമായി വൈദ്യുതി, പൊതുമാരാമത്ത് വകുപ്പ് സ്ഥാപനങ്ങള്‍ കോഴിക്കോട് നിന്ന് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവ് നല്‍കിക്കഴിഞ്ഞു.
തുറമുഖ മാറ്റത്തിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇക്കാര്യം ലോക്സഭയിലും അവതരിപ്പിച്ചിരുന്നു. ദ്വീപ് നിവാസികളുടെ പ്രതിഷേധത്തെ ഗൗനിക്കാതെയാണ് പുതുതായി ചുമതലയേറ്റ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ പെരുമാറുന്നതെന്ന് ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മംഗളൂരു ന്യൂ പോര്‍ട്ടിലേക്കാണ് ലക്ഷദ്വീപിലെ ചരക്കു നീക്കം മാറ്റുന്നത്. എന്നാല്‍ ഈ തുറമുഖത്തിന്‍റെ നടത്തിപ്പ് ഗുജറാത്തിലെ ജിന്‍ഡാല്‍ ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.