തിരുവനന്തപുരം: എൻ.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം. സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്ന് കേസ് പിൻവലിക്കാൻ പൊലീസ് നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് പിൻവലിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും കേസ് പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാവുക. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് തോമസ് പെരുന്നയിലെത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, കേസ് പിൻവലിച്ചത് കൊണ്ടായില്ലെന്നാണ് ഇക്കാര്യത്തിലെ എൻ.എസ്.എസ് പ്രതികരണം. ഷംസീർ പ്രസ്താവന പിൻവലിക്കുകയോ തിരുത്തുകയോ വേണമെന്ന് എൻ.എസ്.എസ് നിലപാട്. ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും എൻ.എസ്.എസ് അറിയിച്ചു.
എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ പ്രസംഗം പുറത്ത് വന്നത്. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു സ്പീക്കറുടെ ആഹ്വാനം. തുടർന്ന് സ്പീക്കർ മതത്തെയും ദൈവങ്ങളേയും പരിഹസിച്ചുവെന്ന് ആരോപിച്ച് സംഘപരിവാർ ഉൾപ്പടെയുള്ളവർ രംഗത്തെത്തുകയായിരുന്നു. സംഘപരിവാർ സംഘടനകൾക്കൊപ്പം എൻ.എസ്.എസും പരസ്യപ്രതിഷേധത്തിനായി ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.