ന്യൂഡൽഹി: അവധിക്കാലത്ത് അനുഭവപ്പെടുന്ന തിരക്കിനെത്തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ കേരളത്തിലേക്ക് ഡൽഹിയിൽ നിന്നും മറ്റു സ്റ്റേഷനുകളിൽ നിന്നും സ്പെഷ്യൽ ട്രെയിനുകളും നിലവിലുള്ള വണ്ടികൾക്ക് അധികം കോച്ചുകളും അനുവദിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ യാത്രക്കാർ ആശ്രയിക്കുന്ന മുഖ്യ സ്റ്റേഷനായ തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയിൽ സമദാനി ആവശ്യപ്പെട്ടു.
കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലക്ക്, യാത്രക്കാരുടെ ജനസംഖ്യാനുസൃതമായ വണ്ടികളില്ല. ഷൊർണൂർ - കണ്ണൂർ റൂട്ടിൽ വണ്ടികളുടെ പോരായ്മ പരിഹരിക്കാൻ അധികം മെമു സർവിസുകൾ ഏർപ്പെടുത്തണം. അവധിക്കാലമായതിനാൽ കേരളത്തിലേക്കുള്ള യാത്രക്കാർ സീറ്റ് ലഭിക്കാതെ കഷ്ടപ്പെടുകയാണ്. എല്ലാ ട്രെയിനുകളും പൂർണമായും റിസർവ് ചെയ്യപ്പെട്ട സ്ഥിതിയാണുള്ളത്. വിമാന ടിക്കറ്റാവട്ടെ അധികം യാത്രക്കാർക്കും താങ്ങാനാവുന്നതുമല്ല. മറ്റു സംസ്ഥാനങ്ങൾക്ക് പുതിയ റെയിൽവേ ലൈനുകൾ അനുവദിക്കുമ്പോൾ കേരളത്തിന് ചില പാതയിരട്ടിപ്പിക്കലും സർവ്വേ പ്രഖ്യാപനങ്ങളും മാത്രമാണ് ലഭിക്കുന്നത്. ഈ അവഗണനക്ക് പരിഹാരമുണ്ടാക്കണം. കേരളത്തിന് ആവശ്യമായ കൂടുതൽ പാസഞ്ചർ വണ്ടികളും അനുവദിക്കാൻ നടപടിയുണ്ടാകണം.
ചൈന കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുതിർന്ന പൗരന്മാരുടെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ അവർ അവഗണന നേരിടുകയാണ്. തീവണ്ടി യാത്രയിൽ അവർക്കുണ്ടായിരുന്ന ചെറിയ ആനുകൂല്യം പോലും നിർത്തലാക്കി. അത് പുന:സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ പള്ളിപ്പുറം, കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന അമ്പത് റെയിൽവേ സ്റ്റേഷനുകളുടെ മുൻനിരയിലുള്ളതാണ് തിരൂർ. എന്നിട്ടും അവിടെ പ്രധാനപ്പെട്ട വണ്ടികൾ നിർത്താത്തതിന് നീതീകരണമില്ല. സുപ്രധാനമായ തീരദേശ സ്റ്റേഷനായ താനൂരിനെ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പ്രദേശത്തെ വികസനത്തിനും യാത്രക്കാരുടെ ക്ഷേമത്തിനും സഹായിക്കും. അമൃത ഭാരതിൽ ഉൾപ്പെടാത്ത പള്ളിപ്പുറത്തിനും തിരുന്നാവായക്കും പ്രത്യേക സഹായം അനുവദിക്കണമെന്നും പരപ്പനങ്ങാടി, താനൂർ, തിരുന്നാവായ, കുറ്റിപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.