തിരുവനന്തപുരം: പി.വി. അബ്ദുൽ വഹാബ് എം.പിയുടെ മകനെ വിമാനത്താവളത്തിൽ വസ്ത്രം മാറ്റി പരിശോധിച്ചതിൽ കസ്റ്റംസ് കമീഷണർ അന്വേഷണം തുടങ്ങി. നവംബർ ഒന്നിന് രാവിലെ ഷാർജയിൽനിന്ന് തിരുവനന്തപുരത്തെത്തിയ യുവാവിനെയാണ് കസ്റ്റംസ് വസ്ത്രമൂരി പരിശോധിച്ചത്. ലുക്കൗട്ട് നോട്ടീസുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നത്രേ പരിശോധന. എം.പിയുടെ മകനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തിയെന്നും എം.പി നൽകിയ പരാതിയിലുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് കസ്റ്റംസ് കമീഷണർ വിശദീകരണം തേടി.
എന്നാൽ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഷാർജയിൽ നിന്നുള്ള യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എം.പിയുടെ മകന്റെ പേരിനൊപ്പം ലുക്കൗട്ട് എന്ന് കണ്ടിരുന്നു. സ്വർണക്കടത്ത് എന്ന സംശയവുമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എക്സ്റേ പരിശോധനക്കുശേഷം എം.പിയുടെ മകനെ വിട്ടയച്ചെന്നും കസ്റ്റംസ് അധികൃതർ പറയുന്നു.
എന്നാൽ കസ്റ്റംസിന്റെ വാദം ഖണ്ഡിക്കുകയാണ് എം.പി. 'എന്റെ മകനൊരൽപം താടിയുണ്ട്. അതുകൊണ്ടായിരുന്നോ പരിശോധന എന്നറിയില്ല. സംശയങ്ങൾ സ്വാഭാവികമായി ഉണ്ടാകാവുന്നതാണ്. ചിലപ്പോ ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകും. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ എന്തെങ്കിലും വന്നിട്ടുണ്ടാകും. എന്നാൽ മകന്റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സോഷ്യൽ പ്രൊഫൈൽ നോക്കാമായിരുന്നു' -എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.