കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫിസ് തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തിൽ, ജില്ലയിലെ എസ്.എഫ്.ഐ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
എസ്.എഫ്.ഐ മാർച്ചിൽ പ്രവർത്തകരല്ലാത്ത സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തെന്നും ഇതടക്കം പരിശോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ അനുശ്രീ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും അനുശ്രീ പറഞ്ഞു.
സംസ്ഥാന തേതൃത്വത്തെ അറിയിച്ചല്ല എസ്.എഫ്.ഐ ജില്ല കമ്മിറ്റി എം.പി ഓഫിസ് മാർച്ച് സംഘടിപ്പിച്ചതെന്ന് സംസ്ഥാന ഭാരവാഹികൾ ആവർത്തിച്ച് വ്യക്തമാക്കി.
ജില്ലയിലെ പ്രവർത്തകരെയടക്കം ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ എം.പി ഇടപെടാത്തത് സംബന്ധിച്ച പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തി കേന്ദ്രീകൃതമായ മാർച്ച് നടത്തുക, ഓഫിസിനകത്തേക്ക് പോവുക തുടങ്ങിയ വിവരങ്ങൾ ജില്ല കമ്മിറ്റി അറിയിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം 29 പേർ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.