ന്യൂഡൽഹി: റബറിലെ വിലത്തകർച്ച തടഞ്ഞ് കർഷകരെ സംരക്ഷിക്കാൻ നടപടിയൊന്നും സ്വീകരിക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ റബർ ഷീറ്റുമായി കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം.
ശശി തരൂർ, എം.കെ. രാഘവൻ, കെ. മുരളീധരൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, രമ്യ ഹരിദാസ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. നിലവിൽ അസംസ്കൃത വസ്തുക്കളുടെ ഇനത്തിൽപ്പെട്ട റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുക, സ്വാഭാവിക റബറിന്റെ കുറഞ്ഞ താങ്ങുവില 250 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിച്ചു.
10 വർഷം മുമ്പ് റബറിന് കിലോഗ്രാമിന് 240 രൂപ ലഭിച്ചിരുന്നു. ഉൽപാദനച്ചെലവ് ഇരട്ടിയായിട്ടും ഇന്ന് 130 രൂപയാണ് മാത്രമാണ് ലഭിക്കുന്നതെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. 13 ലക്ഷത്തോളം വരുന്ന കൃഷിക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന അഞ്ച് ലക്ഷത്തോളം വരുന്ന തൊഴിലാളികളും ദാരിദ്ര്യത്തിലാണ്.
ഈ സാഹചര്യത്തിലും റബർ കർഷകരോട് കേന്ദ്രസർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നത്. നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ധർണക്കുശേഷം ആന്റോ ആന്റണി എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.