തിരുവനന്തപുരം: കായംകുളത്ത് എസ്.എഫ്.ഐ നേതാവിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ സർവകലാശാലകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നേതാക്കൾ വ്യാജ ഡിഗ്രികൾ സമ്പാദിക്കുന്നു. ഇത് സർവകലാശാലകളുടെ വിശ്വാസ്യതയെ ബാധിക്കുന്നു. അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും എം.എസ്.എഫ് ആവശ്യപ്പെടുന്നു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ, കായംകുളം എം.എസ്.എം കോളജ് എം.കോം വിദ്യാർഥി നിഖിൽ തോമസ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ക്ലാസിൽ പോവാതെ ആർഷോ ഡിഗ്രി നേടിയെന്ന ആരോപണത്തിലും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് പ്രവേശനം നേടിയത്. അനധികൃതമായി പഠിച്ച കാലയളവിൽ എസ്.എഫ്.ഐ നേതാവ് യൂനിയൻ കൗൺസിലറും സർവകലാശാല യൂനിയൻ ഭാരവാഹിയുമായതാണ് ചർച്ചയാകുന്നത്.
എം.എസ്.എം കോളജിലെ പഠനകാലയളവിലെ പരീക്ഷകളിൽ പരാജയപ്പെട്ടതോടെ ഇത് റദ്ദാക്കി കലിംഗ സർവകലാശാലയിൽ ബിരുദത്തിന് ചേർന്നതായാണ് നിഖിലിന്റെ വാദം. ഈ പറയുന്ന 2019ൽ എം.എസ്.എമ്മിലെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും 2020ൽ സർവകലാശാല യൂനിയൻ ജോയന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചതിന്റെ സാധുതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.