കോഴിക്കോട്: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡൻറുമായ മുഈനലി ശിഹാബ് തങ്ങൾ, ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച വിഷയത്തിൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. ലീഗിലെ സർവ പ്രശ്നങ്ങളും പാണക്കാട് കുടുംബത്തിെൻറ തണലിൽ പരിഹരിക്കാറാണ് പതിവ്. എന്നാൽ, തങ്ങൾകുടുംബത്തിലെ അംഗംതന്നെ ദേശീയ ജന. സെക്രട്ടറിക്കെതിരെ രംഗത്തുവന്നത് ഗുരുതര പ്രശ്നമാണ് പാർട്ടിയിൽ സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നം ചർച്ചചെയ്യാൻ ശനിയാഴ്ച മലപ്പുറത്ത് നേതൃയോഗം ചേരാനിരിക്കെ, മുഈനലിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന വിഷയത്തിൽ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ട്.
അച്ചടക്ക നടപടിയെന്ന നിലയിൽ യൂത്ത്ലീഗ് ഭാരവാഹി സ്ഥാനത്തുനിന്ന് മാറ്റിനിർത്താനാണ് ആലോചന. ഇതിന് ലീഗ് അധ്യക്ഷൻ കൂടിയായ ഹൈദരലി തങ്ങളുടെ അനുമതി ആവശ്യമാണ്. ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി തങ്ങളാണ് ഇതിനായി ഇടപെടുന്നത്. കടുത്ത നടപടി ഉണ്ടായാൽ അത് പാണക്കാട് കുടുംബത്തിലടക്കം അനുരണനങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. മുസ്ലിം ലീഗ് ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ കയറി മുഈനലി തങ്ങളെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്ത പാർട്ടി പ്രവർത്തകൻ റാഫി പുതിയ കടവിനെതിരെയും നടപടി ഉണ്ടാകും. ഹൈദരലി തങ്ങളുടെ മകനെ ലീഗ് ആസ്ഥാനത്ത് കയറി ഭീഷണിപ്പെടുത്തിയിട്ടും നേതൃത്വം പ്രതികരിക്കാത്തതിനെതിരെയും വിമർശനമുണ്ട്. മുഈനലിയുടെ വാദം തള്ളി നേരത്തേ ജന. സെക്രട്ടറി പി.എം.എ സലാം രംഗത്തുവന്നിരുന്നു.
അതേസമയം, വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനവും തുടർ സംഭവങ്ങളും പാർട്ടിയിലെ ഇരു വിഭാഗത്തിെൻറയും ആസൂത്രിത നീക്കമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചന്ദ്രികയുടെ കാര്യങ്ങൾ പത്രവുമായി ബന്ധപ്പെട്ടവരോ പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരോ പറയേണ്ടതാണെന്നും അഭിഭാഷകനായ മുഹമ്മദ് ഷായെ ചുമതലപ്പെടുത്തിയത് അനുചിതമാണെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ വാദം. കുഞ്ഞാലിക്കുട്ടി ഒഴികെ ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇൗ വാർത്തസമ്മേളനം അറിഞ്ഞിരുന്നില്ലത്രെ. മുഹമ്മദ്ഷായും മുഈനലിയും ഒരുമിച്ചാണ് വാർത്തസമ്മേളനത്തിലേക്ക് വന്നത്. മുഈനലിയെ മുഹമ്മദ് ഷാ പരിചയപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ചന്ദ്രിക യൂനിറ്റ് ചെയർമാനും ലീഗ് ജില്ല പ്രസിഡൻറുമായ ഉമ്മർ പാണ്ടികശാലയെയാണ് ഷാക്കൊപ്പം പങ്കെടുക്കാൻ ചുമതലപ്പെടുത്തിയതെന്നാണ് വിവരം. ഇതറിഞ്ഞ് മറുവിഭാഗം ആസൂത്രിത നീക്കത്തിലൂടെ മുഈനലി തങ്ങളെ പ ങ്കെടുപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷായുടെ വാദങ്ങളെ പൊളിച്ചടുക്കും വിധം സാമ്പത്തിക പ്രശ്നങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ കുഞ്ഞാലിക്കുട്ടിയുടെ തലയിലിട്ട് മുഈനലി 'ദൗത്യം' നിർവഹിക്കുകയും ചെയ്തു. ചന്ദ്രികയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈദരലി തങ്ങൾ, തന്നെ ചുമതലപ്പെടുത്തിയിരുന്നതായി മുഈനലി വ്യക്തമാക്കി. ഇതിെൻറ അടിസ് ഥാനത്തിലാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് മുഈനലിയും കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗവും ന്യായീകരിക്കുന്നത്. ഇതിന് തെളിവായി മുഈനലിയെ ചുമതലപ്പെടുത്തിയ ഹൈദരലി തങ്ങളുടെ കത്തും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, മുഈനലി വാർത്തസമ്മേളനത്തിൽ പങ്കെടുത്ത വിവരമറിഞ്ഞ് കൂടുതൽ വെളിപ്പെടുത്തലുണ്ടാകുന്നത് തടയാനാണ് കുഞ്ഞാലിക്കുട്ടി പക്ഷം നേരത്തേതന്നെ നിരവധി കേസുകളിൽ അകപ്പെട്ട പ്രവർത്തകനെ പറഞ്ഞുവിട്ടതെന്ന് മറുവിഭാഗം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.