തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ലൈംഗിക ആരോപണങ്ങളെ തുടർന്ന് സമിതിയിലുള്ള എം. മുകേഷ് എം.എൽ.എയെ ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വമാണ് സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെട്ടത്.
സമിതി കൺവീനറായി സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയെയാണ് നിശ്ചയിച്ചത്. എന്നാൽ, മേയ് 31ന് അവർ സർവിസിൽ നിന്ന് വിരമിച്ചു. പകരം ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. അതിനാൽ സമിതി കൺവീനർ സ്ഥാനത്ത് മാറ്റമുണ്ടാകും. സിനിമ തിരക്കായതിനാൽ മഞ്ജു വാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെയും ഒഴിവാക്കിയാകും പുനഃസംഘടന.
2023 ജൂലൈയിലാണ് ഷാജി എൻ. കരുൺ അധ്യക്ഷനായ 10 അംഗ സമിതിയെ സാംസ്കാരിക വകുപ്പ് നിശ്ചയിച്ചത്. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, നടിമാരായ പത്മപ്രിയ, നിഖില വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
നയം രൂപവത്കരിക്കേണ്ടത് ചലച്ചിത്ര അക്കാദമിയാണെന്നും അതിനാൽ അതിന്റെ ചെയർമാനെ സമിതി അധ്യക്ഷനാക്കണമെന്നും ഇടതു സഹയാത്രികരും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ, ചലച്ചിത്ര നിരൂപകനും അക്കാദമി വൈസ് ചെയർമാനുമായിരുന്ന വി.കെ. ജോസഫ് തുടങ്ങിയവർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഷാജി എൻ. കരുണിനെതന്നെ അധ്യക്ഷ പദവിയിൽ നിർത്താനാണ് സർക്കാറിന് താൽപര്യം. അക്കാദമി താൽക്കാലിക ചെയർമാൻ പ്രേംകുമാർ പുതിയ സമിതിയിൽ അംഗമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.