തിരുവനന്തപുരം: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നതും തുടർന്ന് വൻതോതിൽ വെള്ളം ഒഴുക്കിക്കളയേണ്ടി വന്നതും മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിലെ കേരളത്തിന്റെ ആശങ്ക കൂട്ടുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് ഈ വിഷയത്തിലുയർന്നത്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണിത്. ഡാമിന്റെ ഗേറ്റുകളിലൊന്നിന്റെ ചങ്ങല പൊട്ടിയതാണ് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാൻ കാരണമായതെങ്കിലും മറ്റ് നിർമിതികൾക്ക് പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഒരു ഗേറ്റ് പൊട്ടിയപ്പോൾ തന്നെ ഡാം തകരാതിരിക്കാൻ മറ്റ് ഗേറ്റുകൾ തുറന്ന് വെള്ളം ഒഴുക്കിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. തുംഗഭ്രദ ഡാമിനേക്കാൽ പഴക്കമുള്ള മുല്ലപ്പെരിയാറിൽ ഇത്തരം സാഹചര്യങ്ങളുണ്ടായാൽ വന്നേക്കാവുന്ന പ്രത്യാഘാതങ്ങളാണ് കേരളത്തിൽ ചർച്ചയാവുന്നത്.
ഒരാഴ്ചയായി മുല്ലപ്പെരിയാർ ഡാം വീണ്ടും വാർത്തകളിൽ നിറയുന്നതിനിടെയാണ് തുംഗഭദ്ര ഡാം സംഭവം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷയടക്കം ചോദ്യംചെയ്ത് വ്യാപക പ്രചാരണം നടന്നതോടെ ജലവിഭവ മന്ത്രി തന്നെ രംഗത്തുവന്നിരുന്നു. പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച മന്ത്രി റോഷി അഗസ്റ്റിൻ, തമിഴ്നാടുമായി സമവായ സാധ്യത മുന്നിലുണ്ടെന്നും വ്യക്തമാക്കി. പാട്ടക്കരാറിന്റെ സാധുത സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയ സാഹചര്യത്തിൽ കൂടുതൽ പ്രകോപനത്തിന് മുതിരാതെ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന സൂചനയും സർക്കാർ നൽകുന്നു.
അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ഈ മാസം അവസാനം സംസ്ഥാന സർക്കാറിന് സമർപ്പിക്കാനാണ് ഇറിഗേഷൻ വകുപ്പ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.