കുമളി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും തുറന്നു. രാവിലെ എട്ട് മണിക്ക് അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ 30 സെന്‍റീമീറ്റർ ഉയർത്തി സെക്കൻഡിൽ 772 ഘനയടി (ആകെ 1544 ഘനയടി) വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നത്. അഞ്ച് മണിക്കൂറിനുള്ളിൽ വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തും.
രാവിലെ ഏഴു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141 അടിയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് ഇന്നലെ തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചിരുന്നു. നിലവിൽ വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് ഒഴുക്കുന്നത്.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് ജാഗ്രത നിർദേശം നൽകി. പെരിയാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. മുല്ലപ്പെരിയാർ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ നവംബർ മൂന്നിന് ആറ് സ്പിൽവേ ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കിയിരുന്നു.
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.