തിരുവനന്തപുരം: മുല്ലപ്പരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള വിവാദ ഉത്തരവ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഉത്തരവ് റദ്ദാക്കാൻ എന്തു കൊണ്ട് കേരളത്തിന് കൈവിറക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന്‍റെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ വനം മന്ത്രിയുമാണ്. ഇവർ അറിയാതെ ഉദ്യോഗസ്ഥൻ മരംമുറിക്ക് അനുമതി നൽകാൻ തീരുമാനിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ. ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയത്തിൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
മരം മുറി ഉത്തരവ് മരവിപ്പിക്കുകയാണ് വനം വകുപ്പ് ചെയ്തത്. എന്തു കൊണ്ട് റദ്ദാക്കിയില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വനം മന്ത്രിയും നിയമസഭയിൽ വിശദീകരിക്കണം. ഉത്തരവ് റദ്ദാക്കാൻ എന്തു കൊണ്ട് കേരളത്തിന് കൈവിറക്കുന്നതെന്ന് തിരുവഞ്ചൂർ ചോദിച്ചു.
മുല്ലപ്പെരിയാറിലെ മരം മുറിക്ക് കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന്‍റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ സഭയിൽ മറുപടി നൽകി. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്.
അനുമതി നൽകിയ വിവരം സർക്കാർ അറിയുന്നത് രണ്ട് ദിവസം മുമ്പാണ്. ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഉത്തരവ് മരവിപ്പിച്ചു. 'കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം' ഇതാണ് സർക്കാർ നയം. സർക്കാർ നിലപാടിനെതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.
മരം മുറിക്കാൻ അനുമതി നൽകിയ നടപടി ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. വകുപ്പിലെ കാര്യങ്ങൾ അറിയാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് എ.കെ. ശശീന്ദ്രൻ മന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
വനം മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.