മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്​ അടിയന്തര പഠനം വേണം; ചെലവു വഹിക്കാൻ കേരളം തയ്യാർ, സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്​

ന്യൂഡൽഹി: ജീർണിച്ച മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ, പുതിയ ഡാം നിർമാണം എന്നിവ​ പഠിക്കാൻ അടിയന്തരമായി നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേരളം സുപ്രീംകോടതിയിലേക്ക്​. തമിഴ്നാടിന്​ ജലലഭ്യത ഉറപ്പാക്കുകയും കേരളത്തിന്‍റെ സുരക്ഷാ ആശങ്ക പരിഹരിക്കുകയും ചെയ്യുന്നതിന്​ പുതിയ ഡാം മാത്രമാണ്​ പരിഹാരമെന്ന വാദം കോടതിയിൽ ആവർത്തിക്കും. പുതിയ ഡാമിന്‍റെ ചെലവു വഹിക്കാനും പഠന സമിതി നിർദേശിച്ചാൽ താൽക്കാലികമായി പഴയ ഡാം ബലപ്പെടുത്താനും കേരളം തയാർ.

ഡൽഹിയിലെത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ വാദം സുപ്രീംകോടതി മുമ്പാകെ വെക്കുന്നതിന്​ നിയമവിദഗ്​ധരെ ചുമതലപ്പെടുത്തി. ഡാമിന്‍റെ സുരക്ഷ, പുതിയ ഡാം എന്നിവയെക്കുറിച്ച്​ പഠനം നടത്താൻ മേൽനോട്ട സമിതിയെ നേരത്തെ സുപ്രീംകോടതി ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും മുന്നോട്ടു നീങ്ങിയിട്ടില്ലെന്നും നിഷ്പക്ഷ സമിതിയുടെ പഠനം ഇനിയും വൈകരുതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച്​ സമഗ്ര പഠനത്തിനുള്ള പരിഗണന വിഷയങ്ങൾ തയാറാക്കാൻ കേന്ദ്ര ജല കമീഷൻ കഴിഞ്ഞ മാസം തമിഴ്​നാട്​ സർക്കാറിനോട്​ നിർദേശിച്ച പശ്​ചാത്തലത്തിൽ കൂടിയാണ്​ കേരളത്തിന്‍റെ വാദമുഖം സുപ്രീംകോടതിയെ അറിയിക്കുന്നത്​.

ലിബിയയിൽ ഡാം തകർന്നതിനെ തുടർന്ന്​ അപകടാവസ്ഥയിലുള്ള ഡാമുകളെക്കുറിച്ച്​ ന്യൂയോർക്ക്​ ടൈംസിൽ വന്ന ലേഖനത്തിൽ മുല്ലപ്പെരിയാറിനെയും ഉൾപ്പെടുത്തിയത്​ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടും. കേരള, തമിഴ്​നാട്​ സർക്കാറുകൾ കോടതിക്കു പുറത്ത്​ പ്രശ്നത്തിന്​ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയെന്ന നിർദേശവും കേരളത്തിന്​ സ്വീകാര്യമാണെന്നും മന്ത്രി ആവർത്തിച്ചു.

Tags:    
News Summary - Mullaperiyar new dam needs urgent study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.