തൊടുപുഴ: മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീതിയുടെ നിഴലിലാണ് കേരള സമൂഹമെന്നും അപ്പോഴും ഈ വിഷയത്തിൽ ആളുകളെ പറഞ്ഞുപറ്റിക്കുകയാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളെന്നും കത്തോലിക്കസഭ ഇടുക്കി രൂപത. രൂപത മീഡിയാ കമീഷൻ ഇറക്കിയ വാർത്തക്കുറിപ്പിലാണ് മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയ നേതൃത്വം ഇരട്ടാത്താപ്പ് കാണിക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക മാറ്റാൻ ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെടുന്നത്.
50-60 വർഷങ്ങൾ മാത്രം ആയുസ്സുള്ള ഒരു അണക്കെട്ട് 130 വർഷം പിന്നിട്ടിരിക്കെ ഇതിന്റെ ചുവട്ടിൽ കഴിയുന്നവർ അണക്കെട്ട് സുരക്ഷിതമാണെന്ന് വിശ്വസിക്കാൻ നിർബന്ധിക്കപ്പെടുന്ന ഗതികേടിലാണ്. 1886ലെ മുല്ലപ്പെരിയാർ പാട്ടക്കരാർ അടിമുടി ചതിയുടെയും വഞ്ചനയുടെയും കഥയാണ് പറഞ്ഞുതരുന്നത്. ഡാം കാലഹരണപ്പെട്ടുവെന്നും അപകടാവസ്ഥയിലാണെന്നും പറഞ്ഞത് ഔദ്യോഗിക കേന്ദ്രങ്ങളാണ്. കാലപ്പഴക്കം സംഭവിച്ച ഡാമിന് പകരം പുതിയ ഡാം നിർമിക്കുക മാത്രമാണ് ശാശ്വത പരിഹാരം.
2011ലെ യു.എൻ റിപ്പോർട്ടിൽ ഡാം കാലപ്പഴക്കം സംഭവിച്ചതായതിനാൽ പുതിയ ഡാം നിർമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ ജീവന് ഭീഷണിയാണ് ഡാം എന്നും പറയുന്നു. ജനത്തിന് മുമ്പിലേക്ക് ഈ ആശങ്കകൾ പങ്കുവെച്ചത് ഔദ്യോഗിക കേന്ദ്രങ്ങളാണ്. എന്നിട്ടും ജനം ആശങ്കപ്പെടേണ്ട, ആശങ്കാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ഭരണകൂടത്തിന്റെയും ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ലെന്നും രൂപത മീഡിയാ കമീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി.
നാളുകൾക്ക് മുമ്പ് ഈ ഡാം അപകടാവസ്ഥയിലാണെന്നു പറഞ്ഞ് തെരുവിൽ സമരം നടത്തിയവർ ഇപ്പോൾ ഇത് സുരക്ഷിതമാണെന്ന് വാശി പിടിക്കുന്നതിന്റെ പിന്നിലെ ഇരട്ടത്താപ്പ് ജനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിന് പരിശ്രമിക്കണം. മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ നാളുകളിൽ കേരള സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലുതാണ്. കാര്യഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടിട്ടുണ്ട്.
പുതിയ ഡാം നിർമിക്കാൻ കാലതാമസം ഉണ്ടാകുമെന്നതിനാൽ ഡാമിൽ സംഭരിക്കുന്ന ജലത്തിന്റെ അളവ് പരമാവധി കുറച്ച് മർദ്ദം കുറക്കുന്ന നടപടി അടിയന്തരമായി സ്വീകരിക്കണം. തമിഴ്നാടിന് ജലം നൽകുന്നതിനുള്ള മറ്റു മാർഗ്ഗങ്ങൾ അടിയന്തരമായി കണ്ടെത്തി നടപ്പിലാക്കണമെന്നും ശേഷം കാലതാമസം കൂടാതെ പുതിയ ഡാം നിർമ്മിച്ച് നാടിനെ സംരക്ഷിക്കാൻ ഭരണകൂടം തയാറാകണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ സ്വാർഥ താൽപര്യങ്ങൾ വെടിഞ്ഞ് ജനഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും രൂപത ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.