കോഴിക്കോട്: കെ-റെയിൽ പദ്ധതി സി.പി.എമ്മിന് മറ്റൊരു നന്ദിഗ്രാമും സിംഗൂരുമാവുമെന്ന് മുല്ലപ്പള്ളി രമാചന്ദ്രൻ. കേരളത്തിെൻറ നെഞ്ചുപിളര്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നതിലൂടെ മുഖ്യമന്ത്രി നന്ദിഗ്രാം ക്ഷണിച്ചുവരുത്തുകയാണെന്നും മുൻ കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. സംസ്കാര സാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കെ-റെയില്‍ പദ്ധതി: പരിസ്ഥിതി, വികസനം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. കെ-റെയില്‍ സംസ്ഥാനത്തിെൻറ നട്ടെല്ല് തകര്‍ക്കും. പുഴകളെയും തണ്ണീർത്തടങ്ങളെയും നെല്പാടങ്ങളെയും ബാധിക്കും. കുടിയൊഴിപ്പിക്കപ്പെടുന്ന ഇരകളുടെ പ്രശ്നം മാത്രമായി ഇതിനെ കാണാതെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കണം. ആരുമായും ചര്‍ച്ചയോ സംവാദമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനം വലിയ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് വന്‍തുക ചെലവഴിച്ച് നഷ്ടപദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കെ-റെയില്‍ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരനും ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാസാഹിതിയും ഉള്‍പ്പെടെ സംഘടനകളും പറഞ്ഞിട്ടും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല. പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കണം.
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്കാര സാഹിതി ജില്ല ചെയര്മാന് കെ. പ്രദീപന് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് കെ. പ്രവീണ്‍കുമാര്‍, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത്, കെ- റെയില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ടി.ടി. ഇസ്മയിൽ, എന്‍.വി. ബാലകൃഷ്ണൻ, ഇ.ആര്. ഉണ്ണി, സുനില്‍ മടപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.