സി.പി.എമ്മിൻെറ വോട്ട് യു.ഡി.എഫിന് നൽകണമെന്നാണ് അഭ്യർത്ഥിച്ചത് -വിശദീകരിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപിക്കാൻ സി.പി.എമ്മിൻെറ വോട്ട് ചോദിച്ചത് വിശദീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മിൻെറ വോട്ട് ഐക്യജനാധിപത്യ കക്ഷികൾക്ക് നൽകണമെന്നാണ് അഭ്യർത്ഥിച്ചതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സി.പി.എം മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ ആണ് നിർത്തിയിരിക്കുന്നത്. ബി.െജ.പിയെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ അല്ല നിർത്തേണ്ടത്. ഞാൻ പരിഹാസരൂപേണെ പറഞ്ഞു, ആ ദുർബലനെ നിർത്തുന്നതിന് പകരമായി സാങ്കേതികമായ അർത്ഥത്തിൽ അദ്ദേഹത്തെ പിൻവലിക്കാൻ സാധിക്കില്ലെങ്കിലും സി.പി.എമ്മിൻെറ വോട്ട് ഐക്യജനാധിപത്യ കക്ഷികൾക്ക് നൽകണമെന്നാണ് അഭ്യർത്ഥിച്ചത് -മുല്ലപ്പള്ളി വിശദീകരിച്ചു.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ നടത്തിയ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രംഗത്തുവന്നിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്നും യു.ഡി.എഫ് മഞ്ചേശ്വരത്തും നേമത്തും ജയിക്കുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിവുണ്ടെന്നും അതിന് അരുടെയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രസ്താവന വിശദീകരിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.