'പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം'; സുധാകരൻ മോൻസന്‍റെ വീട്ടിൽ പോയതിൽ മുല്ലപ്പള്ളി

കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പോയതുമായി ബന്ധപ്പെട്ട കാര്യത്തിൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുവെന്ന ബോധം പൊതുപ്രവര്‍ത്തകര്‍ക്ക് വേണം. എന്നാൽ, സുധാകരന്‍റെ സന്ദര്‍ശനത്തില്‍ ദുരുദ്ദേശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മോൻസന്‍റെ വസതിയിൽ പോയിട്ടുണ്ടെന്നും ചികിത്സയെടുത്തിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ട്. മോൻസണെ കുറിച്ച് കൃത്യമായ വിവരങ്ങൾ തനിക്ക് കിട്ടിയിരുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആ നിസ്സഹായാവസ്ഥയാണ് വെളിപ്പെടുത്തിയത്.

പൊതുപ്രവർത്തകന്‍റെ ഓരോ ചെറിയ ചലനവും സമൂഹം വീക്ഷിക്കുന്നുണ്ട്. അൽപം ജാഗ്രതക്കുറവുണ്ടായാൽ വലിയ അപകടങ്ങളിലേക്ക് ചെന്നുചാടും. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, അദ്ദേഹം എന്തെങ്കിലുമൊരു ദുരുദ്ദേശത്തോടുകൂടിയല്ല അവിടെ പോയത് എന്ന് വ്യക്തമാവും -മുല്ലപ്പള്ളി പറഞ്ഞു.

സുധാകരനെതിരെ അടിസ്ഥാന രഹിത ആരോപണമുന്നയിച്ച എം.വി. ഗോവിന്ദനെ മുല്ലപ്പള്ളി വിമർശിച്ചു. എം.വി. ഗോവിന്ദൻ സി.പി.എം സെക്രട്ടറിയായ ശേഷം അസംബന്ധ നാടകമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് കേരളം വലിയ ഗൗരവം കൊടുക്കുന്നില്ല. ഒരു പാർട്ടി സെക്രട്ടറി പ്രസ്താവനയിറക്കുമ്പോൾ തെളിവുകളുടെ പിൻബലം വേണം. പലപ്പോഴും എം.വി. ഗോവിന്ദന്‍റെ പ്രസ്താവന അനവസരത്തിലുള്ളതും ചിന്തിക്കാതെയുള്ളതുമാണ് -മുല്ലപ്പള്ളി പറഞ്ഞു.  

Tags:    
News Summary - Mullappally ramachandran press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT