കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ബദൽ സംവിധാനം വേണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പൂർണമായി ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിർലോഭമായ പിന്തുണയാണ് തനിക്ക് നൽകിയത്. സോണിയ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയെന്ന മാധ്യമ വാർത്ത അടിസ്ഥാനരഹിതമാണ്. അത്തരത്തിൽ കത്തെഴുതേണ്ട കാര്യം തനിക്കില്ല. പാർട്ടി അധ്യക്ഷയെ വിവരം ധരിപ്പിച്ചതിനാൽ കൂടുതൽ വിശദീകരണത്തിന്‍റെ ആവശ്യമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അശോക് ചവാൻ കമ്മിറ്റിയെ ബഹിഷ്കരിച്ചിട്ടില്ല. സോണിയ ഗാന്ധിയെ ധരിപ്പിച്ച കാര്യങ്ങളിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നു. അധ്യക്ഷക്ക് കൈമാറിയ റിപ്പോർട്ടിന്‍റെ കോപ്പി കൈമാറാമെന്ന് ചവാനോട് പറഞ്ഞിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

മാധ്യമങ്ങൾ പറയുന്ന തരത്തിൽ കോൺഗ്രസിനുള്ളിൽ ആശയ സംഘർഷമില്ല. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. നേതാക്കളുടെയും പ്രവർത്തകരുടെയും മനോവീര്യം തകർക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ നടത്തരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Tags:    
News Summary - Mullappally Ramachandran says he will not continue as KPCC president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.