കുമളി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഭീതി സൃഷ്ടിക്കാത്ത വിധം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെന്ന് ബുധനാഴ്ച കുമളിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉപസമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു.
കൂടുതൽ ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് ഉയരാതെ ശ്രദ്ധിക്കണം. എന്നാൽ, മഴ തുടർന്നാൽ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്നും ഇതിനു മുകളിലെത്തുന്ന ജലം ഇടുക്കിയിലേക്ക് തുറന്നുവിടേണ്ടി വന്നാൽ തീരത്തുള്ളവർക്ക് കേരളം സുരക്ഷ ഒരുക്കണമെന്നും തമിഴ്നാട് പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് 142ന് മുകളിൽ എത്തുമ്പോഴുണ്ടാകുന്ന ജലം സ്പിൽവേ വഴി ഇടുക്കി ജലസംഭരണിയിലേക്കാണ് ഒഴുക്കാറുള്ളത്. ഇത്തരം അടിയന്തരഘട്ടത്തിൽ സ്പിൽവേ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ഷട്ടർ ഓപറേറ്റിങ് മാന്വൽ ഉപസമിതിക്ക് സമർപ്പിക്കാൻ തമിഴ്നാട് ഇതേവരെ തയാറായിട്ടില്ല. ഇത് ഉന്നതാധികാര സമിതിക്കേ നൽകുകയുള്ളൂവെന്നായിരുന്നു യോഗത്തിൽ തമിഴ്നാടിെൻറ നിലപാട്.
കേന്ദ്ര ജലവിഭവ കമീഷൻ എക്സിക്യൂട്ടിവ് എൻജിനീയർ വി. രാജേഷ് ചെയർമാനായ അഞ്ചംഗ ഉപസമിതി രാവിലെ 11ഓടെയാണ് അണക്കെട്ടിലെത്തിയത്. ചെയർമാന് പുറമെ കേരളത്തിെൻറ പ്രതിനിധികളായ എം. സോണി ദേവസ്യ, എൻ.എസ്. പ്രസീദ്, തമിഴ്നാടിെൻറ സുബ്രഹ്മണ്യം, സാം ഇർവിൻ എന്നിവരാണ് സന്ദർശിച്ചത്.
133 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 130ന് മുകളിലേക്ക് ഉയർന്നതോടെ അണക്കെട്ടിെൻറ ജോയൻറുകളിലൂടെ ജലം ചോരുന്നതായാണ് വിവരം. അണക്കെട്ടിലേക്ക് സെക്കൻഡിൽ 5941 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2100 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടിെൻറ ഗാലറിയിലൂടെ മിനിറ്റിൽ 108.9 ലിറ്റർ സീപേജ് ജലം ഒഴുകുന്നതായി ഉപസമിതി പരിശോധനയിൽ കണ്ടെത്തി. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 24ഉം തേക്കടിയിൽ 19 മില്ലിമീറ്ററുമാണ് മഴ പെയ്തത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവിടങ്ങളിൽ ഉപസമിതി സന്ദർശനം നടത്തി. സ്പിൽവേയിലെ മൂന്ന്, ആറ്, എട്ട്, 10 നമ്പർ ഷട്ടറുകൾ ഉയർത്തി താഴ്ത്തി ഉപസമിതി പരിശോധിച്ചു.
സന്ദർശനത്തിനുശേഷം കുമളിയിലെ ഓഫിസിലാണ് സമിതി യോഗം ചേർന്നത്. ജലനിരപ്പ് ഉയരുമ്പോഴും അടുത്ത സന്ദർശനത്തിെൻറ തീയതി തീരുമാനിക്കാതെയാണ് ഉപസമിതി യോഗം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.