പത്തനംതിട്ട: മുനമ്പത്തെ ഭൂമി വഖഫാണോ അല്ലയോ എന്നത് സംബന്ധിച്ച് തർക്കത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രേഖകൾ പരിശോധിച്ചാണ് അഭിപ്രായം പറഞ്ഞത്. മുസ്ലീം ലീഗുമായി കൂടിയാലോചിച്ച് തന്നെയാണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ ഒരു തർക്കത്തിലേക്ക് പോകാൻ താൻ തയാറല്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. ശബരിമലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വഖഫ് ബില്ല് കൊണ്ടുവന്നാലെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കൂവെന്ന സംഘ്പരിവാർ അജണ്ടയാണ്. അതിലേക്ക് എല്ലാവരെയും എത്തിക്കാനാണ് അവർ ശ്രമിക്കുന്നത്. ആ കെണിയിൽ എല്ലാവരും വീഴാതിരിക്കാൻ നോക്കുകായണ് വേണ്ടത്. വഖഫ് ബില്ല് പാസാക്കിയാൽ സംഭലിൽ വരെ പ്രശ്നമുണ്ടാകും. എല്ലാവരും മനസിലാക്കുന്നത് നല്ലതാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സതീശന്റെ പ്രസ്താവനയെ തള്ളി മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയാണ് മുന്നണിക്കുള്ളിൽ പുതിയ തർക്കത്തിന് വഴിമരുന്നിട്ടത്. വി.ഡി.സതീശന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് വഖഫ് ഭൂമി തന്നെയാണെന്നും ഷാജി തുറന്നടിച്ചിരുന്നു. അനാവശ്യ വിവാദങ്ങൾക്ക് മുതിരരുതെന്ന സൂചനയുമായി പി.കെ.കുഞ്ഞാലിക്കുട്ടി ഷാജിയെ തിരുത്തിയെങ്കിലും ഷാജി നിലപാടിൽ ഉറച്ചുനിന്നു. ഷാജിക്ക് പിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറും രംഗത്തെത്തിയതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു.
ഇതിനിടെ, മുനമ്പത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാടെന്ന് സാദിഖലി തങ്ങൾ ആവർത്തിച്ചു. പ്രസംഗിക്കുമ്പോൾ ഓരോരുത്തരും ഓരോ ശൈലി സ്വീകരിക്കുമെന്നും അത് ലീഗ് കാര്യമാക്കുന്നില്ലെന്നും കെ.എം.ഷാജിയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ മറുപടി നൽകി.
ലീഗിന് ഒറ്റ അഭിപ്രായമാണെന്നും നേതൃത്വത്തിന്‍റെ നിലപാട് അനുസരിക്കുമെന്നും തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചർച്ചയെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.