മുനമ്പം ഭൂമി: യഥാർഥ കൈവശ അവകാശത്തെ സംബന്ധിച്ച് റവന്യൂ വകുപ്പ് പഠനം നടത്തിയിട്ടില്ല -കെ. രാജൻ

കോട്ടയം ദിവാൻ പേഷ്കാർ 1915 ജൂൺ നാലിന് കൊച്ചിൻ ദിവാന് എഴുതിയ കത്ത്

മുനമ്പം ഭൂമി: യഥാർഥ കൈവശ അവകാശത്തെ സംബന്ധിച്ച് റവന്യൂ വകുപ്പ് പഠനം നടത്തിയിട്ടില്ല -കെ. രാജൻ

തിരുവനന്തപുരം: വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന മുനമ്പത്തെ ഭൂമിയുടെ യഥാർഥ കൈവശ അവകാശത്തെ സംബന്ധിച്ച് റവന്യൂ വകുപ്പ് പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. ഈ ഭൂമി വഖഫായി എഴുതി നൽകുമ്പോൾ എത്ര കുടുംബങ്ങൾ ഈ ഭൂമിയിൽ താമസിച്ചിരുന്നു എന്ന വിവരവും റവന്യൂ വകുപ്പിൽ ലഭ്യമല്ലെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി മറുപടി നൽകി.

ഈ ഭൂമി വഖഫായി എഴുതി നൽകുമ്പോൾ എത്ര കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നുവെന്ന് അറിയില്ല.  നിലവിൽ ഏകദേശം 610 കുടുംബങ്ങൾ ഈ ഭൂമിയിൽ താമസിക്കുന്നുണ്ട്. കുഴുപ്പിള്ളി വില്ലേജ് ഓഫിസ് കോ റിലേഷൻ സ്റ്റേറ്റ്‌മെന്റ്റ് പ്രകാരം പഴയ സർ വേ 18/1-4ൽ ഭൂമി കടലെടുപ്പ് ഇല്ലാതായി. പഴയ സർവേ 18/1-5 മുതൽ 1-20 വരെ 18/1-39 എന്നിവയിൽ ഒട്ടാകെ 3.51 ഹെക്ടർ ഭൂമി കടലെടുപ്പ് എന്ന് കുഴുപ്പിള്ളി വില്ലേജ് ഓഫീസ് രേഖകളിൽ നിന്ന് വ്യക്തമാണ്.

ഈ പ്രദേശത്ത് കടൽ പിന്മാറിയത് മൂലം രൂപപ്പെട്ട ഭൂമിയുടെ വിവരങ്ങളും റവന്യൂ വകുപ്പിൽ ലഭ്യമല്ല. നിലവിൽ കുഴുപ്പിള്ളി വില്ലേജിൽ ഡിജിറ്റൽ സർവേ തുടരുകയാണ്. ഈ ഡിജിറ്റൽ സർവേക്ക് ശേഷം മാത്രമേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

തിരുവിതാംകൂർ സംസ്ഥാനത്തിലെ വടക്കേക്കര വില്ലേജിലെ സർവേ നമ്പർ 18/1-ൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കുഴുപ്പിള്ളി വില്ലേജിൽപ്പെട്ടതുമാണ് നിലവിലെ മുനമ്പം ഭൂമി. വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന ഈ ഭൂമി അബ്ദുൽ സത്താർ ഹാജി മൂസ സേട്ടിന് ലഭ്യമായത് സംബന്ധിച്ച്, തിരുവനന്തപുരം, ഫോർട്ട്, സെൻട്രൽ ആർക്കൈവ്സിൽ നിന്ന് രേഖകൾ (ഹുസൂർ കച്ചേരി) ലഭിച്ചു.

കോട്ടയം ദിവാൻ പേഷ്കാർ 1915 ജൂൺ നാലിന് കൊച്ചിൻ ദിവാന് എഴുതിയ കത്താണ് (കത്ത് നമ്പർ -4900) പുരാരേഖകളിൽ നിന്ന് കണ്ടെടുത്തത്. ഈ കത്തിൽ കോട്ടയം ദിവാൻ പേഷ്കാർ, 400 ഏക്കർ ഭൂമി അബ്ദുൽ സത്താർ ഹാജി മൂസ സേട്ടിന് കാർഷിക ആവശ്യങ്ങൾക്ക് നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പം ഭൂമി സംബന്ധിച്ച് ഏറ്റവും പ്രചീനമായ രേഖ ഇതാണ്. ഈ കത്ത് അല്ലാതെ മുനമ്പം ഭൂമി സംബന്ധിച്ച മറ്റ് രേഖകളൊന്നും റവന്യു വകുപ്പിൽ ലഭ്യമല്ല.

കാർഷിക ആവശ്യത്തിനു നൽകിയ ഭൂമിയുടെ ഉടമസ്ഥാവകാശം അബ്ദുൽ സത്താർ ഹാജി മൂസ സേട്ടിനോ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കോ മുഹമ്മദ് സിദ്ദീഖ് സേട്ടിനോ ലഭിച്ചിരുന്നുവെന്നത് സംബന്ധിച്ച രേഖകൾ റവന്യൂ വകുപ്പിൽ ലഭ്യമല്ല.

അതേസമയം, കൊച്ചി താലൂക്കിൽനിന്ന് ലഭിച്ച പട്ടയ പകർപ്പ് പ്രകാരം ഫാറൂഖ് കോളജ് മാനേജ്‌മെന്റിന്റെ പേരിൽ പറവൂർ തഹസിൽദാർ 1951 മാർച്ച് 28ന് സർവേ നമ്പർ 18/1-ൽ പ്പെട്ട 404 ഏക്കർ 76 സെന്റ് സ്ഥലത്തിന് 609 നമ്പർ ആയി പോക്കുവരവ് പട്ടയം നൽകിയിട്ടുണ്ട്.

എന്നാൽ, കാർഷിക ആവശ്യത്തിന് കൈമാറിയത് സംബന്ധിച്ച പാട്ട കരാറിൻറെ പകർപ്പ് റവന്യൂ വകുപ്പിൽ ലഭ്യമല്ല. വില്ലേജിലെ ബി ടി.ആർ പ്രകാരം പഴയ സർവേ 18/1-ൽ 160.35 ഹെക്ടർ ഭൂമി 338 തണ്ടപ്പേരിൽ ഫാറൂഖ് കോളജിന് വേണ്ടി ട്രസ്റ്റി കല്ലായി മൊയ്തീൻകുട്ടി സാഹിബ് മകൻ വി.കെ. ഉണ്ണികോയ സാഹിബിന്‍റെ പേരിലാണ്.

അത് 2005ലെ റിസർവേ രേഖകൾ പ്രകാരം കുഴുപ്പിള്ളി വില്ലേജിൽ ബ്ലോക്ക് ഒന്ന് റീസർവേ നമ്പർ 11 മുതൽ 28 വരെയുള്ള 195 മുതൽ 218 വരെയുള്ള വസ്തുവഹകളിൽ 1841 തണ്ടപ്പേരിൽ ഫാറൂഖ് കോളജിന് വേണ്ടി ട്രസ്റ്റി കല്ലായി മൊയ്തീൻകുട്ടി സാഹിബ് മകൻ വി.കെ. ഉണ്ണികോയ സാഹിബിന്റെ പേരാണ് രേഖയിലുള്ളത്.

2005ലെ റീസർവേ റിക്കാർഡ് പ്രകാരം കുഴുപ്പിള്ളി വില്ലേജിൽ ബ്ലോക്ക് ഒന്നിൽ റീസർവേ നമ്പർ 11 മുതൽ 28 വരെയുള്ള 195 മുതൽ 218 വരെയുള്ള വസ്തുവഹകളിൽ 1841 തണ്ടപ്പേരിൽ ഫാറൂഖ് കോളജിന് വേണ്ടി ട്രസ്റ്റി കല്ലായി മൊയ്തീൻകുട്ടി സാഹിബ് മകൻ വി.കെ. ഉണ്ണികോയ സാഹിബിന്റെ പേരിൽ 7.58.06 ആർ ഭൂമി ശേഷിക്കുന്നുണ്ട്. ഇതിൽ പോക്കുവരവ് ചെയ്യാതെ കരമടച്ചു വരുന്ന അന്യ കൈവശ ഭൂമിയും ഉൾപ്പെടുന്നുണ്ട്. റീസർവേക്ക് ശേഷം 435 തണ്ടപ്പേരുകൾ (പഴയ സർവേ 18/1 ൽ ഉൾപെട്ടതും) നിലവിലുള്ളതായും കുഴുപ്പിള്ളി വില്ലേജ് ഓഫീസിലെ രേഖകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

Tags:    
News Summary - Munambam land: Revenue department has not conducted a study regarding actual possession rights-K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.