തിരൂരങ്ങാടി (മലപ്പുറം): റോഡരികിൽ ഉണക്കാനിട്ട ഉള്ളിക്ക് മേൽ വാഹനം കയറിയതിന് നഗര സഭ കൗൺസിലർക്ക് മർദനം. തിരൂരങ്ങാടി നഗരസഭ കൗൺസിലർ മൊയ്തീൻ എന്ന ഇമ്പിച്ചിക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ചെമ്മാട് ടൗണിലാണ് സംഭവം. ഗതാഗതക്കുരുക്കുണ്ടായ സമയത്ത് കൗൺസിലർ തെൻറ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തതായിരുന്നു. എന്നാൽ, വില കുതിച്ചുയർന്നിരിക്കുന്ന ഉള്ളിക്ക് പുറത്താണ് കാർ കയറ്റി നിർത്തിയത്. ഓടിയെത്തിയ കടക്കാരനും മറ്റ് രണ്ടുപേരും ഇതോടെ കൗൺസിലറെ മർദിക്കുകയായിരുന്നു. ചെമ്മാട്-പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിന് സമീപത്തെ പച്ചക്കറി മൊത്തവിൽപന കടക്കാരാണ് റോഡരികിലെ നടപ്പാതയിൽ ഉള്ളി ഉണക്കാനിട്ടിരുന്നത്.
ഗതാഗതക്കുരുക്കിനിടെ കാർ അരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉള്ളി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നും നഷ്ടപരിഹാരം തരാമെന്നറിയിച്ചിട്ടും അസഭ്യം പറഞ്ഞ് കടയിലെ രണ്ടുപേരും ഓട്ടോഡ്രൈവറും മർദിക്കുകയായിരുന്നെന്നും കൗൺസിലർ പറഞ്ഞു. ആളുകൾ തടിച്ചുകൂടിയതോടെ ബഹളമായി. പൊലീസെത്തി ശാന്തരാക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ കൗൺസിലർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മർദിച്ചവരെ കൗൺസിലറുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.