നഗരസഭകളിലെ കെടുകാര്യസ്ഥത: 63.89 ലക്ഷം നഷ്ടമായെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ ഏഴ് നഗരസഭകളിലെ തനത് ഫണ്ടിലെ 63.89 ലക്ഷം പിഴപലിശയായി വിനിയോഗിച്ചുവെന്ന് എ.ജി.റിപ്പോർട്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും ഇ.പി.എഫ്.ഒയുടെ പ്രാദേശിക ഓഫിസുകളുടെ അധികാരപരിധിയിൽവരുന്ന 41 നഗരസഭകളിലാണ് എ.ജി പരിശോധന നടത്തിയത്. അതിൽ ഏഴിടത്ത് ഇ.പി.എഫിലേക്ക് ജീവനക്കാരുടെ വിഹിതം അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

ഫറോക്ക്, പൊന്നാനി, മലപ്പുറം, മഞ്ചേരി, കോട്ടയ്ക്കൽ, കൂത്തുപറമ്പ്, ഷൊർണൂർ നഗരസഭകളിലാണ് വീഴ്ച സംഭവിച്ചത്. എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനി (ഇ.പി.എഫ്.ഒ) ലേക്ക് കൃത്യസമയത്ത് ജീവനക്കാരുടെ വിഹിതം അടച്ചില്ല. കേന്ദ്ര നിയമത്തെക്കുറിച്ച് അറിയിച്ചിട്ടും കൃത്യസമയത്ത് പണമടക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് ഓർമ്മപ്പെടുത്തിയിട്ടും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശം പാലിച്ചില്ല. അതിനാലാണ് നഗരസഭകളുടെ തനത് ഫണ്ടിൽനിന്നും പിഴയായി പലിശസഹിതം നഷ്ടം 63.89 ലക്ഷം ഈടാക്കിയത്.

വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയാണ് നഗരസഭകൾക്ക് നഷ്ടമായത്. തനത് ഫണ്ട് വിനിയോഗിക്കുന്നതിൽ നഗരസഭകൾ സാമ്പത്തിക വിവേകം കാണിക്കുകയും, ഇ.പി.എഫ് വിഹിതങ്ങള്‍ കൃത്യസമയത്ത് അടക്കുന്നതില്‍ വേണ്ട ശ്രദ്ധ ചെലുത്തുകയും ചെയ്തെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. ഇ.പി.എഫ്.ഒ പിടിച്ചെടുത്ത നഷ്ടത്തിന്റെയും, പലിശയുടെയും തുക നാളിതുവരെ ജീവനക്കാരില്‍ നിന്നു തിരിച്ചു പിടിച്ചിട്ടില്ലെന്നാണ് നഗരസഭകള്‍ ഓഡിറ്റ് സംഘത്തെ അറിയിച്ചത്.

നഗരകാര്യ ഡയറക്ടർ എല്ലാ മുൻസിപ്പാലിറ്റികളിലും ഇ.പി.എഫ്. സംഭാവനകൾ കാലതാമസമില്ലാതെ അടക്കുവെന്ന ഉറപ്പാക്കുന്നതിന് കർശനമായ ആന്തരിക നിയന്ത്രണങ്ങള്‍ ഏപ്പെടുത്തണം. മുൻസിപ്പൽ ഓഫിസർമാരുടെ കെടുകാര്യസ്ഥത കാരണം പിഴയും പലിശയും അടക്കുന്നതിനായി ചെലവഴിച്ച തുക വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളും നിർദേശങ്ങളുടെയും വ്യവസ്ഥകൾ പാലിക്കാൻ നഗരസഭകൾ ബാധ്യസ്ഥരാണ്. വീഴ്ച വരുത്താതെ ഇ.പി.എഫിലേക്ക് വിഹിതം നൽകേണ്ടത് നഗരസഭകളുടെ ഉത്തരവാദിത്തമാണ്. ഇതെല്ലാം അട്ടിമറിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. ജീവനക്കാരുടെ കുറവ്, നിർദേശങ്ങളെ കുറിച്ചുള്ള അജ്ഞത, ജോലിഭാരം, സാങ്കേതിക പ്രശ്നങ്ങൾ മുതലായവ സമയബന്ധിതമായ വീണ്ടെടുക്കലിന്റെയും തിരിച്ചടക്കലിന്റെയും അഭാവത്തിന് കാരണമായെന്ന നഗരസഭകളുടെ മറുപടി അംഗീകരിക്കാനാവില്ലെന്നും റിപ്പോട്ട് വ്യക്തമാക്കി. 

Tags:    
News Summary - Municipalities mismanagement: 63.89 lakh reported loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.