കൊച്ചി: തോപ്പുംപടിയിലെ കിങ് ഷൂ മാർട്ട് ഉടമ പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡിൽ സാറാ മൻസിലിൽ ഷംസുദ്ദീനെ (59) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. നെട്ടൂർ ആഞ്ഞിലിവെളിയിൽ വീട്ടിൽ ജോഷി എന്ന കരിപ്പായി ജോഷിയെയാണ് (49) എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ജീവപര്യന്തം തടവിനുപുറമെ രണ്ടുലക്ഷം രൂപ പിഴ അടക്കാനും നിർദേശമുണ്ട്. പിഴസംഖ്യ ഒടുക്കുകയാണെങ്കിൽ അതിൽ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ഷംസുദ്ദീെൻറ ബന്ധുക്കൾക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കാനും ഉത്തരവുണ്ട്.
സ്ഥലം ഇടപാടിൽ ആവശ്യപ്പെട്ട കമീഷൻ നൽകാത്തതാണ് കൊലക്ക് കാരണമായത്. 2013 ജനുവരി ഏഴിന് രാത്രി 9.10 ഓടെ നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിൽവെച്ച് വാക്കേറ്റമുണ്ടാവുകയും ഷംസുദ്ദീെൻറ വയറ്റിലും നെഞ്ചിലും കുത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
തെൻറ സംരക്ഷണയിലാണ് കുടുംബം കഴിയുന്നതെന്നും കരുണ കാണിക്കണമെന്നും ശിക്ഷാവിധിക്ക് മുമ്പ് പ്രതി കോടതിയോട് പറഞ്ഞു. ഒരു കുടുംബമുള്ള ആളെ തന്നെയാണ് ഭയാനകമായ കൃത്യത്തോടെ പ്രതി ഇല്ലാതാക്കിയതെന്ന നിരീക്ഷണത്തോടെയാണ് ശിക്ഷ വിധിച്ചത്.
ദൃക്സാക്ഷികളില്ലാത്ത കേസിെൻറ വിസ്താരത്തിൽ സാക്ഷികൾ പലരും കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കണക്കിലെടുത്താണ് 28 സാക്ഷികളെ വിസ്തരിച്ച അഡീ. സെഷൻസ് ജഡ്ജി കെ.ബിജുമേനോൻ ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി എ.മുഹമ്മദ്, ടി.ആർ.എസ്. കുമാർ എന്നിവർ ഹാജരായി. ഡിവൈ.എസ്.പി ജി. വേണു, എസ്.ഐമാരായ പ്രദീപ് കുമാർ, വിനോദ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.