തിരൂർ: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി, തിരൂർ ഏഴൂർ സ്വദേശി മേച്ചേരി വീട്ടിൽ സിദ്ദീഖിൽനിന്ന് പ്രതികൾ ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപ. പൊലീസ് ചോദ്യംചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ഹണിട്രാപ്പിൽ കുരുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.
മുഖ്യ പ്രതിയായ ഷിബിലി അഞ്ചുലക്ഷം രൂപയാണ് സിദ്ദീഖിൽനിന്ന് ആവശ്യപ്പെട്ടത്. നഗ്നനാക്കി ഫോട്ടോ എടുക്കാനുള്ള ശ്രമം എതിർത്ത സിദ്ദീഖിനെ കൈയിൽ കരുതിയിരുന്ന കത്തി കഴുത്തിൽ വെച്ച് ഷിബിലി പണം ആവശ്യപ്പെടുകയായിരുന്നു. ഭീഷണിയിലൂടെ ഭയപ്പെടുത്താൻ കത്തികൊണ്ട് സിദ്ദീഖിന്റെ കഴുത്തിൽ വരച്ച് മുറിവുണ്ടാക്കി. എന്നാൽ, വഴങ്ങാതെ വന്നതോടെ സിദ്ദീഖും പ്രതികളും തമ്മിൽ ബലപ്രയോഗമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫർഹാന എടുത്തുകൊടുത്ത ചുറ്റികകൊണ്ട് ഷിബിലി, സിദ്ദീഖിന്റെ തലക്കടിക്കുകയും ആഷിഖ് നെഞ്ചിൽ ആഞ്ഞ് ചവിട്ടുകയും ചെയ്തത്. ഇതാണ് സിദ്ദീഖിന്റെ മരണത്തിലേക്ക് നയിച്ചത്.
ഹണിട്രാപ്പിന് വഴങ്ങുകയാണെങ്കിൽ ബ്ലാക്ക് മെയിലിലൂടെ സിദ്ദീഖിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് കോഴിക്കോട്ട് തെളിവെടുപ്പ് നടത്തിയേക്കും
തിരൂര്‍: കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരിയായ തിരൂര്‍ ഏഴൂര്‍ സ്വദേശി മേച്ചേരി വീട്ടില്‍ സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കോഴിക്കോട്ട് കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഹോട്ടലുകളിലും പ്രതികൾ സഞ്ചരിച്ച ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ചെന്നൈയിൽ നിന്ന് പിടികൂടിയ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ശനിയാഴ്ച പുലർച്ചെയാണ് മലപ്പുറത്തെത്തിച്ചത്. ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അങ്ങാടിപ്പുറം ചീരട്ടാമലയിൽ തെളിവെടുപ്പ് നടത്തി രാത്രിയാണ് കോടതിയിൽ ഹാജരാക്കിയത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.