പ്രവാസി യുവാവിന്റെ കൊലപാതകം: പിന്നിൽ പൈവളിഗെയിലെ കള്ളക്കടത്ത് സംഘം

മഞ്ചേശ്വരം: പ്രവാസിയായ പുത്തിഗെ മുഗുവിലെ അബൂബക്കർ സിദ്ദീഖിനെ (26) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്തിന് പിന്നിൽ പൈവളിഗെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക സംഘമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

കൊല്ലപ്പെട്ട സിദ്ദിഖുമായി ബന്ധപ്പെട്ടു ഈ സംഘം ഡോളർ കടത്ത് നടത്തിയിരുന്നു. ഇതിൽ തിരിമറി നടത്തിയതാണ് കൊലക്ക് കാരണമെന്ന് പൊലീസും സംശയിക്കുന്നുണ്ട്.

ഡോളർ കടത്തുമായി ബന്ധപ്പെട്ട തിരിമറിയെ തുടർന്ന് സിദ്ദീഖിന്റെ സഹോദരനെയും അടുത്ത ബന്ധുവായ യുവാവിനെയും രണ്ട് ദിവസം മുമ്പ് പൈവളിഗെയിലെ സംഘം തട്ടിക്കൊണ്ടുപോയിരുന്നു.

ഇവരെ വിട്ടയക്കണമെങ്കിൽ സിദ്ദിഖ് നാട്ടിലേക്ക് എത്തണമെന്നായിരുന്നു ഡിമാൻഡ്. ഇതുപ്രകാരം ഞായറാഴ്ച ഉച്ചയോടെ നാട്ടിലെത്തിയ സിദ്ദീഖിനെ പൈവളിഗെ ബോളങ്കല ഗ്രൗണ്ടിൽ തട്ടിക്കൊണ്ട് വന്ന ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിനിടയിൽ നെഞ്ചിൽ ചവിട്ടിയതാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ ഇത് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

മരണം നടന്നതോടെ സിദ്ദിഖിനെയും തട്ടിക്കൊണ്ടുവന്ന സഹോദരൻ, ബന്ധുവായ യുവാവ് എന്നിവരെയും കാറിൽ കയറ്റി ബന്തിയോടിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇറക്കിയ ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

മർദ്ദനത്തിന് ഇരയായ സിദ്ദിഖിന്റെ സഹോദരനെയും ബന്ധുവായ യുവാവിനെയും ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Murder of an expatriate youth: smuggling gang Behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.