തിരുവനന്തപുരം: ലാത്വിയൻ വനിത കോവളത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന കോടതി. വിധിയിൽ സന്തോഷമുണ്ടെന്ന് സഹോദരി. വിധി അറിഞ്ഞയുടൻ ദൈവത്തിന് നന്ദിയെന്നാണ് അവർ പ്രതികരിച്ചത്.
'ദൈവത്തിന് നന്ദി. അത് സംഭവിച്ചിരിക്കുന്നു. എനിക്ക് വിശ്വസിക്കാനാവുന്നില്ല. എനിക്കും എന്റെ സഹോദരിക്കും കുടുംബത്തിനും ഇത് നല്ല ദിവസമാണ്. എന്റെ സഹോദരിക്ക് നീതി ലഭ്യമാക്കാൻ എന്നോടൊപ്പം നിന്ന ആളുകളോട് നന്ദി പറയാൻ വാക്കുകളില്ല. മോഹൻ രാജ് അടക്കമുള്ള പ്രൊസിക്യുഡൻ സംഘാംഗങ്ങളളോടും എബ്രഹാം ഉൾപ്പെടെ എന്നെ സഹായിച്ച എല്ലാ ആളുകളോടും വാർത്തകൾ നൽകി സഹായിച്ച മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നു. പലരുടെയും പേര് പറയുന്നില്ലെങ്കിലും എല്ലാവരും ഹൃദയത്തിലുണ്ട്. എന്റെ സഹോദരികക് നീതി ലഭിച്ചിരിക്കുന്നു. അതിൽ വളരെ സന്തോഷമുണ്ട്' -സഹോദരി മീഡിയവണ്ണിനോട് പ്രതികരിച്ചു.
2018ൽ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സക്കെത്തിയ വിദേശ വനിതയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസിലാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളായ ഉദയനെയും ഉമേഷിനെയുമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച ശിക്ഷ വിധിക്കും.
ചികിത്സ സ്ഥലത്തുനിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികളും സമീപവാസികളുമായ ഉദയൻ, ഉമേഷ് എന്നിവർ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിൽ എത്തിച്ചു. തുടർന്ന് കഞ്ചാവ് ബീഡി നൽകിയ ശേഷം പീഡിപ്പിച്ച് വള്ളികൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയെന്നുമാണ് കേസ്.
2018 മാർച്ച് 14ന് യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. യുവതി കോവളത്ത് എത്തിയതായി സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമായിരുന്നില്ല.
സംശയം തോന്നിയ പലരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. എന്നാൽ, ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽകാട്ടിൽ ഉണ്ടെന്ന് പ്രതികൾ പറയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് വേർപെട്ടനിലയിലായിരുന്നു മൃതദേഹം.
സഹോദരിയും സുഹൃത്തും എത്തി വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡി.എൻ.എ പരിശോധനയും നടത്തി. കേസിൽ സാക്ഷിയായ യുവതിയുടെ സഹോദരിയെയും സുഹൃത്തിനെയും വിഡിയോ കോൺഫറൻസിങ്ങിലൂടെ വിസ്തരിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, രണ്ടു സാക്ഷികൾ മാത്രമാണ് കേസിൽ കൂറുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.