കൊച്ചി: ചോറ്റാനിക്കരയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനായിരുന്ന ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈകോടതി റദ്ദാക്കി.
കൊലപാതകക്കുറ്റം തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് എറണാകുളം മീമ്പാറ കൊന്നംപറമ്പിൽ രഞ്ജിത്തിന്റെ വധശിക്ഷ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. രഞ്ജിത്, രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയൂർ ആലുങ്കൽ റാണി, സുഹൃത്ത് തിരുവാണിയൂർ കുരിക്കാട്ടിൽ ബേസിൽ കെ. ബാബു എന്നിവർക്കെതിരെ നരഹത്യക്കുറ്റമേ നിലനിൽക്കൂവെന്ന് കോടതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ മൂവർക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷിച്ചു. ഗൂഢാലോചനയടക്കമുള്ള കുറ്റത്തിന് ഏഴുവർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവെക്കാനായി സർക്കാർ നൽകിയ റഫറൽ ഹരജിയുമാണ് ഹൈകോടതി പരിഗണിച്ചത്. 2013 ഒക്ടോബർ 29ന് അമ്മയും കാമുകന്മാരും ചേർന്ന് ബാലികയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. യുവതി ഭർത്താവിൽനിന്ന് അകന്നുകഴിയുകയായിരുന്നു. ആ ബന്ധത്തിലുള്ളതായിരുന്നു കുട്ടി.
കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതദേഹം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്ത് മറവുചെയ്തു. അതിനുശേഷം കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന് മനസ്സിലായത്. എന്നാൽ, കൊലക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.