കൊയിലാണ്ടി: കൊല്ലപ്പെട്ട സി.പി.എം സെന്റർ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്റെ വീട് സന്ദർശിച്ചശേഷം കെ.കെ. രമ എം.എൽ.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ നാടകമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മരണവീട്ടിൽ കയറുക എന്നതിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനായി സി.പി.എമ്മിനെയും സത്യനാഥന്റെ കുടുംബത്തെയും അവഹേളിക്കുകയായിരുന്നു. പ്രതി അഭിലാഷ് മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നെന്നും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ ഭാഗമായി അയാളെ പുറത്താക്കിയതായുമുള്ള വിവരം നേരത്തേതന്നെ പാർട്ടി വ്യക്തമാക്കിയതാണ്.
പ്രതിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാതിരിക്കെ കൊന്നതും കൊല്ലിച്ചതും സി.പി.എം ആണെന്ന രമയുടെ പ്രസ്താവന സത്യനാഥന്റെ കുടുംബത്തെ അപമാനിക്കുന്നതാണ്. ഭരണകക്ഷി നേതാവ് കൊല്ലപ്പെട്ടിട്ട് സമഗ്രമായ അന്വേഷണം നടക്കുന്നില്ലെന്ന രമയുടെ കണ്ടെത്തൽ രാഷ്ട്രീയ അന്ധത ബാധിച്ചു നടത്തിയ ജൽപനം മാത്രമാണെന്ന് ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രൻ വ്യക്തമാക്കി.
അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്താനിരിക്കെ രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കാൻ നടത്തിയ ശ്രമത്തിലും അക്രമത്തിന് പ്രോത്സാഹനം നൽകാനുള്ള രമയുടെ നീക്കത്തിലും പ്രതിഷേധിക്കുന്നതായും ഏരിയ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.