തേഞ്ഞിപ്പലം: കാലിലെ വേദന കടിച്ചമർത്തി വിജയം പകരുന്ന മധുരത്തിനായി ഓരോ തവണയും മുര്‍ഷാദ് കളിക്കളത്തിലിറങ്ങും. അടുത്ത കളിക്ക് മുമ്പ് നല്ലൊരു കൃത്രിമക്കാലാണ് ഈ യുവാവിെൻറ സ്വപ്നം. ബാക്കിയെല്ലാം അധ്വാനിച്ചാൽ നേടാനാകുമെന്ന വിശ്വാസവുമുണ്ട് ഈ ചെറുപ്പക്കാരന്.
ഒഡിഷയിലെ ഭുവനേശ്വറില്‍ ഡിസംബർ 24 മുതല്‍ 26 വരെ നടക്കുന്ന ദേശീയ പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് കേരളത്തിന് വേണ്ടി മുര്‍ഷാദ് ഇറങ്ങുന്നത്. സാധാരണ രീതിയിലുള്ള കൃത്രിമക്കാല്‍ ഉപയോഗിച്ചാണ് കളിയും നടത്തവുമെല്ലാം. കളിക്കുമ്പോള്‍ കാലിന് വലിയ വേദനയുണ്ടാകുന്നതായി മുര്‍ഷാദ് പറയുന്നു.
കടലുണ്ടി ചാലിയം പഞ്ചാരെൻറ പുരയ്ക്കല്‍ മുഹമ്മദ്-റംല ദമ്പതിമാരുടെ മകനാണ് മുര്‍ഷാദ് (30). ഒന്നാം ക്ലാസില്‍ പഠിക്കവേ വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് ഇടത് കാല്മുട്ടിെൻറ താഴെ മുറിച്ചുമാറ്റേണ്ടി വന്നത്. ഊന്നുവടിയുടെയും കൃത്രിമക്കാലിെൻറയും സഹായത്തോടെ ജീവിതത്തിലേക്ക് നടക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബാഡ്മിന്റണിലേക്ക് തിരിഞ്ഞു. സ്വന്തമായിട്ടായിരുന്നു പരിശീലനം.
കടലുണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അഭ്യര്‍ഥന പ്രകാരം കാലിക്കറ്റ് സര്‍വകലാശാല ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയവും കോച്ച് ജെ. കീര്ത്തനെയും പരിശീലനത്തിനായി വിട്ടുനല്‍കി. കോച്ചിെൻറ സേവനം വലിയ സഹായമായെന്നും തുടര്‍പരിശീലനത്തിന് അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്.
രാജഗിരിയില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ആധുനിക രീതിയിലുള്ള പ്രോസ്തെറ്റിക് ലെഗ് ഘടിപ്പിക്കാനായാല്‍ അനായാസം ചലിക്കാനും കളിക്കാനും കഴിയുമെന്ന് മുര്‍ഷാദ് പറയുന്നു. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ കാരണം വലിയ തുക ഇതിനായി മുടക്കാനാകില്ലെന്നതാണ് വിഷമം. പ്ലസ്ടു യോഗ്യതയുള്ള മുര്‍ഷാദ് ഫിഷ് ലാൻഡ് സെന്ററില്‍ ഐസ് പൊട്ടിക്കല്‍ ഉള്‍പ്പെടെ കായികാധ്വാനമുള്ള ജോലികള്‍ ചെയ്താണ് കുടുംബത്തെ സഹായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.