മലപ്പുറം: യോജിക്കാൻ പറ്റുന്ന മേഖലകളിൽ മുസ്‌ലിം സമുദായം യോജിച്ച് മുന്നേറണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുൽത്തഖൽ അഷ്റാഫ് സാദാത്ത് സംഗമവും ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ നടന്നതൊക്കെ സത്യമാണെന്നും അത് ഇനി ചരിത്രത്തിന്‍റെ പിന്നാമ്പുറത്ത് പോയി മാറ്റിയെഴുതാൻ പറ്റില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ചരിത്രത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടാവും. നമുക്കാ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയണം. ചരിത്രത്തിൽ നന്മകൾ ഉണ്ടായിട്ടുണ്ട്. ആ നന്മകൾ പിന്തുടർന്ന് നമുക്ക് മുന്നോട്ട് പോകാനാകണം. അതല്ലാതെ, റോസാപ്പൂവിന്‍റെ താഴെ മുള്ളുണ്ടല്ലോ എന്ന് പരിതപിക്കുകയല്ലാ വേണ്ടത്. മുള്ളിന് മുകളിൽ റോസാപ്പൂ ഉണ്ടല്ലോ എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സമുദായം പല സംഘടനകളിലായി പ്രവർത്തിച്ചുവരുന്ന നാടാണ് നമ്മുടേത്. ഇതിനിടയിൽ ചിന്തിക്കുന്നവർ കുറയുകയും തർക്കിക്കുന്നവർ കൂടുകയും ചെയ്യുന്നതാണ് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം. തർക്കം ഒന്നിനും പരിഹാരമല്ല. കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകളിലും പോരായ്മകളിലും തർക്കിച്ച് കാലം കഴിച്ചു കൂടുന്നതിന് പകരം തെറ്റുകളും കുറ്റങ്ങളും പരസ്പരം പൊറുത്ത് നാം മുന്നേറണം. വിട്ടുവീഴ്ച ചെയ്യുമ്പോഴാണ് നമ്മുടെ അഭിമാനം ഉയരുന്നത്. ആര് ജയിച്ചു ആര് തോറ്റു എന്ന് അന്വേഷിക്കുന്നതിന് പകരം അല്ലാഹുവിന് മുന്നിൽ നമുക്ക് ഒരുമിച്ച് ജയിക്കണം. അതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള തുടക്കമാണ് ഈ സംഗമം – സാദിഖലി തങ്ങൾ വ്യക്തമാക്കി.
മഅദിൻ ചെയർമാൻ ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തി. കോഴിക്കോട് വലിയ ഖാസി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. മഅദിന്‍ അക്കാദമി സാദാത്ത് കുടുംബങ്ങളിലെ വിധവകള്‍ക്ക് നല്‍കുന്ന സാന്ത്വനം ഫണ്ട് വിതരണോദ്ഘാടനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് തുറാബ് അസ്സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഇസ്്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി അവാര്‍ഡ് ദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.