കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബോംബേറിൽ ഇടതു കാലിലുണ്ടായ മുറിവാണ് മരണകാരണമെന്നും റിപ്പോർട്ട് പറയുന്നു.
മൻസൂറിനെ വെട്ടിക്കൊന്ന കേസിൽ സി.പി.എം പ്രവർത്തകൻ ഷിനോസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസിയാണ് ഷിനോസ്.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽ പീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) ആണ് വെേട്ടറ്റു മരിച്ചത്.
വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.
മുഹ്സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ് സഹോദരൻ മൻസൂറിന് വെട്ടേറ്റത്.അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.
അൽസിഫയിൽ പാറാൽ മുസ്തഫയാണ് മൻസൂറിന്‍റെ പിതാവ്. മാതാവ്: സക്കീന. സഹോദരങ്ങൾ: മുനീബ്, മുബിൽ, മുഹസിൻ, മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.