കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ മുസ്‍ലിം ലീഗ് ഒരുമാസംകൊണ്ട് 40 കോടിയോളം രൂപ സമാഹരിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആപ് വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ 36,08,11,688 രൂപ പിരിച്ചെടുത്തു. ഇതിനൊപ്പം 22 വീടുകൾക്കായി 15 ലക്ഷം രൂപ തോതിൽ 3.30 കോടി രൂപയും ലഭിച്ചു.
വീടുനിർമാണത്തിനായി വിവിധ ജില്ലകളിലായി 2.31 ഏക്കർ ഭൂമി ലഭ്യമായി. ആപ് വഴിയുള്ള ഫണ്ട് സമാഹരണം ഞായറാഴ്ച രാത്രി 12ഓടെ അവസാനിപ്പിച്ചു. 2,16,032 പേരാണ് സംഭാവന നൽകിയത്.
ലഭിച്ച തുകയിൽ 1,40,68,860 രൂപ ഇതിനകം ചെലവഴിച്ചു. ദുരിത ബാധിതർക്കായി ചെലവഴിക്കുന്ന മുഴുവൻ തുകയുടെ കണക്കും ആപ്പിൽ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര സഹായം, 57 വ്യാപാരികൾക്ക് അരലക്ഷം രൂപ വീതം ദുരിതാശ്വാസം, വാഹനങ്ങൾ നഷ്ടമായവർക്കായി നാല് ജീപ്പ്, മൂന്ന് ഓട്ടോ, രണ്ട് സ്കൂട്ടർ എന്നിവയും വാങ്ങി നൽകി. ദുരന്തബാധിതരായ കുടുംബങ്ങളിലെ 48 പേർക്ക് കെ.എം.സി.സിയുടെ സഹായത്തോടെ വിദേശത്ത് ജോലിയും ലഭ്യമാക്കി. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. നൂറ് കുടുംബങ്ങൾക്ക് എട്ട് സെന്റിൽ കുറയാത്ത ഭൂമിയിൽ ആയിരം സ്ക്വയർഫീറ്റിൽ കുറയാത്ത വീട് നിർമിച്ചുനൽകുകയാണ് ലക്ഷ്യം. സർക്കാർ പദ്ധതികളുമായി ചേർന്നാണ് വയനാട് പുനരധിവാസം യാഥാർഥ്യമാക്കുക. ടൗൺഷിപ്പാണ് സർക്കാർ ഒരുക്കുന്നതെങ്കിൽ ഇവിടെ പ്രത്യേക ബ്ലോക്കായി വീടുകൾ നിർമിച്ചുനൽകാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം മുസ്‍ലിം ലീഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തിങ്കാഴ്ച ഇക്കാര്യത്തിൽ വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിലങ്ങാട് ഉരുൾപൊട്ടി മരിച്ച മാത്യു മാഷിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായം നൽകി. ഇവിടെ വീട് നഷ്ടമായ 34 പേർക്ക് അടിയന്തര സഹായമായി 15,000 രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഉമർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, ടി.ടി. ഇസ്മയിൽ, എം.എ. റസാഖ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.