കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എൽ.എക്ക് മുസ്ലിം ലീഗിെൻറ പരിപൂർണ പിന്തുണ. രാഷ്ട്രീയമായും നിയമപരമായും ഷാജിക്ക് പാർട്ടി പിന്തുണ നൽകും. രാഷ്ട്രീയ വേട്ടയാടലാണ് ഷാജിക്കെതിരെ നടക്കുന്നതെന്ന നിലപാടിലാണ് പാർട്ടി.
കണ്ണൂരിലെ വസതിയിൽനിന്ന് വിജിലൻസ് കണ്ടെടുത്ത പണത്തിന് വ്യക്തമായ രേഖയുണ്ടെന്ന് ഷാജി പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഷാജിക്ക് കോടതിയിലും ബോധ്യപ്പെടുത്താനാകുമെന്നാണ് നേതൃത്വം കരുതുന്നത്. നേതൃത്വവുമായി ചർച്ചചെയ്താണ് കേസിൽ ഷാജിയുടെ ചുവടുവെപ്പുകൾ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ ഹൈകോടതി അയോഗ്യത കൽപിച്ചപ്പോൾ സുപ്രീംകോടതിയിൽ പോരാടി അനുകൂലവിധി സമ്പാദിച്ച ഷാജിക്ക് നിയമപരമായി കരുനീക്കങ്ങൾ നടത്തുന്നതിൽ പിഴക്കില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.
സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായിയെയും കടന്നാക്രമിച്ചാണ് കണ്ണൂരിലെ അഴീക്കോട്ട് ഷാജി ഇടം കണ്ടെത്തിയത്. ഷാജിയുടെ കാടടച്ച ശൈലിയിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും രാഷ്ട്രീയ വേട്ടയാടലിനെതിരെ പാർട്ടി ഒറ്റക്കെട്ടാണ്. കണ്ണൂരിലെ ക്യാമ്പ് ഹൗസിൽനിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ളതാണെന്നാണ് ഷാജിയുടെ പക്ഷം. ഇക്കാര്യം എളുപ്പത്തിൽ ഷാജിക്ക് തെളിയിക്കാനാകുമെന്നും പാർട്ടി കരുതുന്നു. ഷാജിക്കെതിരായ നീക്കം മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണെന്ന് സംശയമുള്ളതിനാൽ പാർട്ടിക്കകത്ത് പോരാളിയുടെ പരിവേഷത്തിലാണ് ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.