കുറ്റ്യാടി: മകളെ കാറിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ സൂപ്പർ മാർക്കറ്റിൽ പോയ സമയം കാർ തട്ടിക്കൊണ്ടുപോയി. ദ്രുതഗതിയിൽ നടത്തിയ തിരച്ചിലിൽ കാറും ബാലികയെയും കണ്ടെത്തി. അടുക്കത്ത് സൂപ്പർ മാർക്കറ്റിനു മുന്നിൽ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കുന്ദമംഗലം മലാക്കുഴി ഭൂപതി മൻസൂർ -ജൽസ ദമ്പതികളുടെ മകൾ ഫാത്തിമ മൻസൂറിനെയാണ് (10) തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ അടുക്കത്ത് മണ്ണൂർ ആശാരിപ്പറമ്പത്ത് വിജീഷിനെ (40) കുറ്റ്യാടി സി.ഐ എസ്.ബി. കൈലാസ്നാഥ് അറസ്റ്റ് ചെയ്തു. കുന്ദമംഗലത്തുനിന്ന് അടുക്കത്തെ ജൽസയുടെ വീട്ടിലേക്കു വരുകയായിരുന്നു മൻസൂറും കുടുംബവും. സൂപ്പർമാർക്കറ്റിൽനിന്ന് സാധനം വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ കുട്ടി പിൻസീറ്റിൽ ഉറങ്ങുന്നതിനാൽ കാർ ഓഫാക്കാതെ എ.സി പ്രവർത്തിപ്പിച്ചിരുന്നു.
സാധനം വാങ്ങി 10 മിനിറ്റിനകം ഇരുവരും തിരിച്ചെത്തിയപ്പോഴേക്കും കാർ കാണാനില്ല. ജസ്ലയുടെ ഫോണും കാറിലാണുണ്ടായിരുന്നത്. അതിൽ വിളിച്ചപ്പോൾ എടുത്തെങ്കിലും അവ്യക്തമായാണ് പ്രതികരിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ കാർ മുള്ളൻകുന്ന് ഭാഗത്തേക്കാണ് പോയതെന്ന് മനസ്സിലായി. കടയുടെ സമീപത്തുണ്ടായിരുന്ന ഒരു ഡെലിവറി വാൻ മൻസൂറിനെയും കയറ്റി ആ ഭാഗത്തേക്ക് കുതിച്ചു. രണ്ട് കിലോമീറ്റർ അകലെ മുണ്ടക്കുറ്റിയിൽ കാർ കണ്ടെത്തി. വാൻ കുറുകെയിട്ട് കാർ നിർത്തിച്ചപ്പോൾ അതിൽ കുട്ടി ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്തപ്പോൾ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടതായി വിജീഷ് പറഞ്ഞു. ഇയാൾ പറഞ്ഞതനുസരിച്ച് നടത്തിയ തിരച്ചിലിൽ സമീപ പ്രദേശമായ കുല്ലുനിരയിൽ കുട്ടിയെ കണ്ടെത്തി. പേടിച്ച് റോഡരികിൽനിന്ന് കരയുകയായിരുന്നു കുട്ടി. തന്നെ വിളിച്ചുണർത്തി കാറിൽനിന്ന് ഇറക്കിവിട്ടതാണെന്ന് കുട്ടി പറഞ്ഞു. കൂട്ടാൻ ഉപ്പ വരുമെന്നും പറഞ്ഞത്രെ.
വിവരമറിഞ്ഞ് ബഷീർ നെരയങ്കോടന്റെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തി പ്രതിയെ പൊലീസിൽ ഏൽപിച്ചു.
പ്രതിയെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇയാൾ പരസ്പര വിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. കാർ മോഷ്ടിച്ചതിനും കുട്ടിയെ തട്ടിക്കൊണ്ടുേ പോയതിനുമാണ് കേസ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.