മലപ്പുറം: കാസർകോട്ടെ ചെറുവത്തൂർ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ആറ് മാസത്തിനകം നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം കർശന നിർദേശം നൽകി. ജ്വല്ലറി ചെയർമാൻ കൂടിയായ ഖമറുദ്ദീനടക്കം കേസിലുൾപ്പെട്ട മുഴുവൻ ലീഗ് ഭാരവാഹികളും പാർട്ടി പദവികളിൽനിന്ന് മാറിനിൽക്കണം.
യു.ഡി.എഫ് കാസർകോട് ജില്ല ചെയർമാൻ സ്ഥാനം ഖമറുദ്ദീൻ ഒഴിഞ്ഞിട്ടുണ്ടെന്ന് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
സെപ്റ്റംബർ 30നകം ആസ്തിയും ബാധ്യതയും സംബന്ധിച്ച് ഖമറുദ്ദീൻ വിശദീകരണം നൽകണം. നിക്ഷേപകർക്ക് നൽകാൻ വേണ്ട ബാക്കി പണം അഭ്യുദയകാംക്ഷികളിൽനിന്നും ബന്ധുമിത്രാദികളിൽനിന്നും സംഘടിപ്പിച്ച് കടം തീർക്കണമെന്നും വിഷയം ഗൗരവമായാണ് പാർട്ടി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 15 ദിവസത്തിനകം സ്ഥാപനത്തിെൻറ ആസ്തി, ബാധ്യത തുടങ്ങിയവയുടെ വ്യക്തമായ കണക്ക് സമർപ്പിക്കാൻ ജ്വല്ലറിയിലെ നിക്ഷേപകൻ കൂടിയായ ലീഗ് കാസർകോട് ജില്ല ട്രഷറർ കല്ലട്ര മാഹീൻ ഹാജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു.
തട്ടിപ്പല്ല നടന്നതെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും ഖമറുദ്ദീൻ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്ക് ഇതിൽ ഉത്തരവാദിത്തമില്ല. എന്നാൽ, പാർട്ടിയുടെ ഉത്തരവാദപ്പെട്ട ഒരാൾ ഇതിലുൾപ്പെട്ടെന്നതിനാലാണ് ഇടപെടുന്നത്. പണം വേണ്ടവർക്ക് ആറ് മാസത്തിനകം നൽകാനുള്ള സാഹചര്യമൊരുക്കും. കേസുമായി മുന്നോട്ടുപോവേണ്ടവർക്ക് അതാവാമെന്നും പാർട്ടിയല്ല ഖമറുദ്ദീനാണ് അത് കൈകാര്യം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിഷയത്തിൽ വിശദീകരണം നൽകാൻ ഖമറുദ്ദീനോടും ജില്ല ഭാരവാഹികളോടും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ജില്ല നേതാക്കൾ എത്തിയെങ്കിലും മലപ്പുറത്തേക്ക് തിരിച്ച ഖമറുദ്ദീനോട് നേരിട്ടുവരേണ്ടെന്ന് നിർദേശിച്ചു. ഫോണിലാണ് അദ്ദേഹത്തോട് വിവരങ്ങൾ ആരാഞ്ഞത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ മുസ്ലിംലീഗ് നേതാക്കളെ സന്ദർശിക്കാതെ മടങ്ങി. മാധ്യമങ്ങളിൽ വാർത്ത ലൈവായി നിൽക്കുന്നതൊഴിവാക്കാനുള്ള ശ്രമം കൂടിയായിരുന്നു അദ്ദേഹത്തെ വരുത്താതിരുന്നതിന് പിന്നിൽ. ബുധനാഴ്ച വൈകീട്ട് ഖമറുദ്ദീൻ കാസർകോട് നിന്ന് മലപ്പുറത്തേക്ക് തിരിച്ചിരുന്നെങ്കിലും രാത്രി വഴിയിൽ തങ്ങി.
വ്യാഴാഴ്ച രാവിലെ ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വീട്ടിൽ സന്ദർശിക്കാനും പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമായിരുന്നു തീരുമാനം. ഇതറിഞ്ഞ് മാധ്യമ പ്രവർത്തകർ രാവിെല മുതൽ പാണക്കാട്ടും ലീഗ് ജില്ല കാര്യാലയത്തിലുമായി തമ്പടിച്ചിരുന്നു. എന്നാൽ, ഖമറുദ്ദീൻ എത്തിയില്ല.
11.30ഓടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും പിന്നാലെ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയും കാസർകോട് ജില്ല നേതാക്കളും മലപ്പുറത്തെ ലീഗ് ഓഫിസിലേക്ക് വന്നു. 20 മിനിറ്റിനകം കുഞ്ഞാലിക്കുട്ടിയുമെത്തി. തുടർന്ന് അരമണിക്കൂർ ചർച്ച. പുറത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി, ഖമറുദ്ദീൻ വരുന്നില്ലെന്നും ഫോണിൽ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. വൈകുന്നേരം ജില്ല നേതാക്കൾ ഹൈദരലി തങ്ങളെ കാണുന്നുണ്ടെന്നും ബാക്കി വിഷയങ്ങൾ അപ്പോൾ പറയാമെന്നും വ്യക്തമാക്കി.
4.15നാണ് പാണക്കാട്ടെ യോഗം തുടങ്ങിയത്. ഇത് ഒന്നര മണിക്കൂർ നീണ്ടു. യോഗശേഷം, ഖമറുദ്ദീൻ വരാത്ത കാര്യം മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ 'നിങ്ങൾ കൂടുതൽ ആഘോഷിക്കേണ്ടെന്ന് കരുതി' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.