മലപ്പുറം: മലപ്പുറത്ത് വികസനം വരാൻ മുസ്‌ലിം ലീഗ് എൻ.ഡി.എ മുന്നണിയുടെ ഭാഗമാകണമെന്ന് തോറ്റ എൻ.ഡി.എ സ്ഥാനാർഥിയും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്‍റുമായ ഡോ. എം. അബ്ദുൽ സലാം. മുസ്‌ലിംകളെ ബി.ജെ.പി ഒരിക്കലും ശത്രുവായി കണ്ടിട്ടില്ല. ലീഗിനെ എൻ.ഡി.എയിൽ കൊണ്ടുവരണമെന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും. ഇത് മലപ്പുറത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അബ്ദുൽ സലാം പറഞ്ഞു.
ബി.ജെ.പിക്ക് 2047 വരെയുള്ള കൃത്യമായ അജണ്ടയുണ്ട്. കൃത്യമായ പദ്ധതികളുണ്ട്. ലക്ഷ്യബോധമുണ്ട്. മോദി നിങ്ങളുടെയെല്ലാം ശത്രുവാണെന്ന കള്ളപ്രചാരണം നടത്തുകയായിരുന്നു ഇവിടുത്തെ ഇൻഡ്യ മുന്നണി. അതിന്‍റെ ഭാഗമായാണ് ഇവിടെ മാറി വോട്ട് ചെയ്തത്. മുസ്‌ലിംകൾ വലിയ തോതിൽ വോട്ട് ചെയ്തു. എന്നാൽ, അവർ അറിയുന്നില്ല രാജ്യത്തിന്‍റെ വികസനം താഴേക്ക് പോയാൽ അത് എല്ലാവരേയുമാണ് ബാധിക്കുന്നത് എന്ന് -അബ്ദുൽ സലാം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കൂടിയായ അബ്ദുൽ സലാമിന് മലപ്പുറത്ത് 85,361 വോട്ട് മാത്രമാണ് നേടാനായത്. ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ 3,00,118 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ് 3,43,888 വോട്ട് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.