മലപ്പുറം: ശക്തമായ ഇടതുതരംഗത്തിലും സ്വന്തം തട്ടകത്തിൽ പിടിച്ചുനിന്ന് മുസ്ലിം ലീഗ്. 16 മണ്ഡലങ്ങളുള്ള ജില്ലയിൽ 12 -4 എന്നതാണ് സീറ്റുനില. 2016ലെ സീറ്റുകൾ ഇരുപക്ഷവും നിലനിർത്തി. മത്സരിച്ച 12ൽ 11 സീറ്റുകളിലും ജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥികൾ എല്ലാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ നേടിയ പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ എന്നിവ എൽ.ഡി.എഫ് നിലനിർത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ ഇറക്കി താനൂർ തിരിച്ചുപിടിക്കാൻ ലീഗ് സർവ അടവുകളും പ്രയോഗിച്ചെങ്കിലും ഇടതു സ്വതന്ത്രൻ സിറ്റിങ് എം.എൽ.എ വി. അബ്ദുറഹ്മാനെ പരാജയപ്പെടുത്താനായില്ല. 985 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിലാണ് അബ്ദുറഹ്മാെൻറ ജയം.. കഴിഞ്ഞ തവണ 4918 വോട്ടായിരുന്നു ഭൂരിപക്ഷം.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി പാർട്ടി അണികൾ പരസ്യമായി രംഗത്തിറങ്ങിയത് പൊന്നാനിയിലെ മത്സര ഫലത്തെ ബാധിച്ചില്ല. സി.പി.എം സ്ഥാനാർഥി പി. നന്ദകുമാർ 17,043 വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ചുകയറി. കഴിഞ്ഞ തവണ പി. ശ്രീരാമകൃഷ്ണന് കിട്ടിയത് 15,640 വോട്ടിെൻറ മുൻതൂക്കമായിരുന്നു. ശ്രദ്ധേയമായ പോരാട്ടം നടന്ന നിലമ്പൂരിൽ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉയർത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് പി.വി. അൻവർ 2795 വോട്ട് വ്യത്യാസത്തിൽ ജയിച്ചു. കഴിഞ്ഞ തവണ 11,504 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു അൻവറിന്.
തട്ടകമായ തവനൂരിൽ ശക്തനായ കെ.ടി. ജലീൽ വിയർത്താണ് ജയിച്ചത്. അവസാന റൗണ്ട് വരെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ഉയർത്തിയ കനത്ത വെല്ലുവിളി 2564 വോട്ടിെൻറ വ്യത്യാസത്തിൽ മറികടന്നു. 17,064 വോട്ടിന് ജലീൽ ജയിച്ച മണ്ഡലമാണിത്. പെരിന്തൽമണ്ണയിൽ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിന് കഷ്ടിച്ച് കടന്നുകൂടി.
മഞ്ഞളാംകുഴി അലി കഴിഞ്ഞ തവണ 576 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ലോക്സഭാംഗത്വം രാജിവെച്ച് മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചതുപോലെ വേങ്ങരയിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ചു. ലീഗ് ശക്തികേന്ദ്രങ്ങളായ ഏറനാട്, കൊണ്ടോട്ടി, മലപ്പുറം, വള്ളിക്കുന്ന്, കോട്ടക്കൽ എന്നിവിടങ്ങളിൽ സിറ്റിങ് എം.എൽ.എമാരായ പി.കെ. ബഷീർ, ടി.വി. ഇബ്രാഹീം, പി. ഉബൈദുല്ല, പി. അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരെല്ലാം വലിയ മാർജിനിൽ ജയിച്ചു.
പെരിന്തൽമണ്ണയിൽ നിന്ന് മങ്കടയിലെത്തിയ അലി 5903 വോട്ടിന് എതിരാളി റഷീദലിയെ തോൽപിച്ചു. കന്നിയങ്കത്തിനിറങ്ങിയ യു.എ. ലത്തീഫ് മഞ്ചേരിയിലും കുറുക്കോളി മൊയ്തീൻ തിരൂരിലും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പ്രതിഷേധങ്ങളുണ്ടായെങ്കിലും മുതിർന്ന നേതാവ് കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ 9468 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ചു. കഴിഞ്ഞ തവണ 6043 വോട്ടിനായിരുന്നു തിരൂരങ്ങാടിയിൽ പി.കെ. അബ്ദുറബ്ബിെൻറ ജയം. ജില്ലയിൽ കോൺഗ്രസിെൻറ ഏക സീറ്റായ വണ്ടൂരിൽ അനിൽകുമാർ അഞ്ചാം തവണയും വിജയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.