ആലപ്പുഴ: അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കർണാടക സർക്കാറിനുമേൽ കേരളം ശക്തമായ സമ്മർദം ചെലുത്തണമെന്ന് മുസ്ലിം സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയെപ്പോലും പരിഹസിക്കുന്ന സമീപനമാണ് കർണാടക സർക്കാർ കൈക്കൊള്ളുന്നത്. ശരീരം തളർന്ന് വീൽചെയറിൽ കഴിയുന്ന മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ അനിവാര്യമായിരിക്കുകയാണ്. ഇല്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സർവകക്ഷി സംഘത്തെ അയക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർക്ക് നിവേദനം നൽകിയതായി നേതാക്കൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ത്വാഹ മുസ്ലിയാർ കായംകുളം (സമസ്ത കേരള സുന്നി ജംഇയ്യതുൽ ഉലമ), വി.എം. അലിയാർ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി (മുസ്ലിം സംയുക്ത വേദി), അബ്ദുൽ മജീദ് നദ്വി (അഫ്സ), കെ. നജീബ് ആലപ്പുഴ (മുസ്ലിം സർവിസ് സൊസൈറ്റി) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.