മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് ഐ.എന്‍.എല്‍ പിന്തുണ

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുവേണ്ടി അഭിപ്രായം ആരാഞ്ഞ കേന്ദ്ര നിയമ കമീഷനുമായി ബന്ധപ്പെട്ട നടപടികള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് പിന്തുണ നല്‍കുന്നതായി ഐ.എന്‍.എല്‍ അഖിലേന്ത്യ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാനും ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും അറിയിച്ചു. മുസ്ലിം വ്യക്തിനിയമത്തില്‍ പ്രത്യേകമായി ഇടപെടാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ നീക്കങ്ങള്‍ ഹിന്ദുത്വം വിഭാവനം ചെയ്യുന്ന മതരാഷ്ട്രം ലക്ഷ്യമിട്ടാണ്.

അപലപനീയമായ ഈ നീക്കത്തിനെതിരെ മതേതര ശക്തികള്‍ ഒരുമിക്കണം. മുത്തലാക്ക്, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതപരവും സാംസ്കാരികവുമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.

ഏക സിവില്‍കോഡിനെതിരായ പോരാട്ടത്തില്‍ മുസ്ലിം സമുദായത്തോടൊപ്പം സിഖുകാരും ദലിതുകള്‍ ഉള്‍പ്പെടെ പിന്നോക്ക വിഭാഗങ്ങളും രംഗത്തുവരും.  ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ വസിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം സമുദായത്തെയും വിദ്യാസമ്പന്നരെയും ലക്ഷ്യമാക്കി ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും നടത്തുന്ന തെറ്റായ നടപടികള്‍ അവസാനിപ്പിക്കണം.
കേന്ദ്രസര്‍ക്കാറിന്‍െറയും സംഘ്പരിവാര്‍ സംഘടനകളുടെയും ഒളി അജണ്ടകള്‍ക്ക് അന്വേഷണ ഏജന്‍സികളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കരുതെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Tags:    
News Summary - Muslim Personal Law Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.