സെക്രട്ടേറിയറ്റിലേക്ക് സേവ് കേരള മാർച്ചുമായി യൂത്ത് ലീഗ്; കാല്‍ലക്ഷം പേർ അണിനിരക്കും

കോഴിക്കോട്: ഇടതുസര്‍ക്കാറിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 18ന് കാല്‍ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് സേവ് കേരള മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ചിന് മുന്നോടിയായി സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ വിശദീകരിക്കാൻ നിയോജകമണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണജാഥ സംഘടിപ്പിക്കും.

യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍വന്നിട്ട് 2023 ജനുവരി ഒന്നിന് 50 വര്‍ഷം പൂര്‍ത്തിയാകുന്നതിനാൽ അടുത്ത ഒരു വര്‍ഷം സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷമായി വിവിധ പരിപാടികൾ നടത്താൻ വൈത്തിരിയിൽ സമാപിച്ച സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ജനുവരി രണ്ടിന് കോഴിക്കോട് കടപ്പുറത്ത് 50 പതാകകള്‍ ഉയര്‍ത്തി ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്ക് തുടക്കംകുറിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവോത്സവം, യൂത്ത് ടെസ്റ്റ് എന്നിവയും സംഘടിപ്പിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Muslim Youth League Save Kerala March to Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.