മുട്ടിൽ മരംമുറി: പ്രധാന വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; ആരോപണവിധേയന് ഉന്നതപദവി

തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സി.സി.എഫ് കെ. വിനോദ്കുമാറിനെ സ്ഥലംമാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് മാറ്റം. അതേസമയം, ഈ കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി. സാജനെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.

ഇതടക്കം വനംവകുപ്പിൽ ശനിയാഴ്ച നടത്തിയ ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സ്ഥലം മാറ്റത്തിൽ കടുത്ത പ്രതിഷേധം ഉയർന്നു. വിവാദമായ കേസിൽ വിവിധ ജില്ലകളിൽനിന്ന് 14.42 കോടിയുടെ മരം മുറിച്ചുകടത്തിയെന്നായിരുന്നു കണ്ടെത്തൽ. സ്ഥാനക്കയറ്റത്തോടുകൂടിയ സ്ഥലംമാറ്റമല്ലെന്നും ചാർജ് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് വനം മന്ത്രിയുടെ ഓഫിസ് പറയുന്നത്. മുട്ടിൽ മരംമുറിയിൽ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എൻ.ടി. സാജൻ ഗൂഢാലോചന നടത്തിയെന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ദക്ഷിണ മേഖല വനംസർക്കിൾ മേധാവിയായാണ് നിയമിച്ചത്. വനംവകുപ്പ് ആസ്ഥാനത്തുനിന്ന് ശിപാർശയില്ലാതെയും സിവിൽ സർവിസസ് ബോർഡിന്‍റെ അനുമതിയില്ലാതെയും സ്ഥലംമാറ്റം നടത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. കെ. വിനോദ് കുമാർ, എൻ.ടി. സാജൻ എന്നിവർക്ക് പുറമെ ദക്ഷിണമേഖല ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ആർ. കീർത്തി എന്നിവരെയുമാണ് പരസ്പരം സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

Tags:    
News Summary - Muttil illegal tree felling: Officer got Transfer who found the important information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.